വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയെന്ന ആരോപണം നിഷേധിച്ച് സെന്തിൽ കുമാറിന്റെ ബന്ധുക്കൾ
text_fieldsതിരുവനന്തപുരം: ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയെന്ന ആരോപണം നിഷേധിച്ച് കുറ്റാരോപിതനായ സെന്തിൽ കുമാറിന്റെ ബന്ധുക്കൾ. സെന്തിൽ കുമാർ ഡോക്‌ടറെ ശാരീരികമായി ആക്രമിച്ചെന്ന് പറയുന്നത് കളവാണെന്നും ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സെന്തിൽ കുമാറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഡോക്‌ടർക്ക് പറ്റിയ തെറ്റ് മറയ്‌ക്കാൻ കേസ് കെട്ടിച്ചമച്ചതാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടർ ആക്രമിക്കപ്പെട്ടാൽ അതു ചോദിക്കാൻ സെക്യൂരിറ്റി ജീവനക്കാർ എത്തേണ്ടതാണ്. ഒരാൾ പോലും അത്തരത്തിൽ വന്നിട്ടില്ല. മൃതദേഹം വിട്ടുകിട്ടി ദഹിപ്പിക്കുന്നതുവരെ ആരും ചോദിച്ച് വന്നില്ല.
മൃതദേഹം അടക്കം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, ഹെൽത്ത് ഇൻസ്‌പെക്‌ടർ വന്ന് തടസ്സം പറയുകയായിരുന്നു. തുടർന്നാണ് ദഹിപ്പിച്ചത്. അങ്ങനെ നിർബന്ധം പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്. സംഭവത്തിൽ നീതികിട്ടാൻ ഏതറ്റംവരെയും പോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, സംഭവത്തിന്‍റെ ആദ്യഘട്ട സി.സി ടി.വി ദൃശ്യങ്ങൾ മെഡിക്കൽ കോളജ് ആധികൃതർ പുറത്തുവിട്ടെങ്കിലും അതിൽ സെന്തിൽകുമാർ ഡോക്ടറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വ്യക്തമല്ല.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിൽ ബുധനാഴ്ച പുലർച്ചയാണ് ന്യൂറോ സർജറി വിഭാഗം സീനിയർ റെസിഡന്‍റ് മേരി ഫ്രാൻസിസ് കല്ലേരി ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം വെളിച്ചിക്കാല ടി.ബി ജങ്ഷൻ പുതുമനയിൽ ശുഭയുടെ ഭർത്താവ് സെന്തിൽ കുമാറാണ് (53) ഡോക്ടറെ ആക്രമിച്ചതെന്നാണ് പരാതി.
ഭാര്യയുടെ സംസ്‌കാരത്തിന് ശേഷം കുഴഞ്ഞു വീണ സെന്തിൽകുമാർ നെടുങ്ങോലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യം മെച്ചപ്പെടുന്നതോടെ കസ്റ്റഡിയിലെടുത്ത് തുടർനടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.