പത്മനാഭപുരം നഗരസഭയുടെ അനാസ്ഥ; കൊട്ടാരം അപകടത്തിൽ
text_fieldsനാഗർകോവിൽ: പത്മനാഭപുരം നഗരസഭയുടെ അനാസ്ഥ കാരണം കേരള സർക്കാറിന്റെ പുരാവസ്തു വകുപ്പിന്റെ കീഴിൽ കന്യാകുമാരിജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ഭാഗം അപകടാവസ്ഥയിലേക്ക് നീങ്ങുന്നു. തെക്കേ രഥ വീഥിയിൽ കാണുന്ന കൊട്ടാര ചുമരിന് സമാനമായി എതിർവശത്ത് മഴ വെള്ളം ഒഴുകി പോകുന്നതിന് ഉണ്ടായിരുന്ന ഓട നികന്ന് കിടക്കുന്നതാണ് കൊട്ടാര ഭാഗത്തിന് മഴക്കാലത്ത് ഭീഷണിയാകുന്നത്.
കൊട്ടാരത്തിന്റെ നൂറ് കണക്കിന് വർഷം പഴക്കമുള്ള ഇന്ദ്രവിലാസം, ചന്ദ്രവിലാസം, അംബാരി മുഖപ്പ് ഉൾപ്പെടുന്ന ഭാഗങ്ങൾക്കാണ് അവയുടെ കീഴിൽ മഴക്കാലത്ത് കെട്ടി നിൽക്കുന്ന മഴ വെള്ളം ഭീഷണിയാകുന്നത്.ഒരു കാലത്ത് ഓട ഉണ്ടായിരുന്നത് കൊണ്ട് അവയുടെ ഇരു ഭാഗത്ത് നിന്ന് ഒഴുകി വരുന്ന മഴ വെള്ളത്തിന് സുഗമമായി ഒഴുകി പോകാൻ കഴിയുമായിരുന്നു. ഓടയിൽ മണ്ണ് വീണ് അടയാൻ തുടങ്ങിയതോടെ കഴിഞ്ഞ ആറ് ഏഴ് വർഷങ്ങൾക്കുള്ളിൽ ഓടയും ടാർ റോഡും തുല്യനിലയിലാണ് ഉള്ളത്. ഇവിടെയാണ് പത്മനാഭപുരം നഗരസഭ വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പത്മനാഭപുരം ഒറ്റപ്പെട്ടപ്പോൾ തെക്കേ തെരുവിലും വെള്ളം കയറിയിരുന്നു. മുൻകാലങ്ങളിൽ ഓട വൃത്തിയാക്കിരുന്ന നഗരസഭ ഒരു കാലഘട്ടം ആയപ്പോൾ ശ്രദ്ധിക്കാതെ അവ ഇന്ന് കാണുന്ന രൂപത്തിലായി. ശാസ്ത്രീയമായി വലിയ കുഴൽ കൊണ്ട് ഓട പണിത് മുമ്പ് വെള്ളം ഒഴുകി പോകുന്നതിന് ഉണ്ടായിരുന്ന സൗകര്യങ്ങൾ പുനസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ചൊവ്വാഴ്ച മഴക്കെടുതികൾ നേരിട്ട് കാണാൻ വന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സ്വകാര്യ വ്യക്തികളുടെ കൈയേറ്റവും കാലാകാലങ്ങളിൽ ട്രയ് നേജ് സിസ്റ്റം ശരിയാക്കത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത്. പത്മനാഭപുരം കൊട്ടാരത്തിൽ എത്തുന്ന വാഹന പാർക്കിങ് ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് നഗരസഭയ്ക്ക് ഓരോ വർഷവും ലഭിക്കുന്നത്. എന്നാൽ അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ പോലും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കേരള പുരാവസ്തു വകുപ്പ് തമിഴ്നാട് സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്ത് പരിഹാരമുണ്ടായില്ലെങ്കിൽ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ഭാഗത്തിന്‍റെ പതനം അതിവിദൂരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.