പകർച്ചപ്പനിയിൽ പൊള്ളി തിരുവനന്തപുരം
text_fieldsതിരുവനന്തപുരം: ‘ഭയം വേണ്ട ജാഗ്രത മതി’ എന്ന് ആരോഗ്യവകുപ്പ് നിരന്തരം ആവർത്തിക്കുമ്പോഴും പകർച്ചപ്പനിയിൽ പൊള്ളുകയാണ് ജില്ല. പനി മാറിയാൽ വിട്ടുമാറാത്ത ചുമയാണ് പലരെയും അലട്ടുന്നത്.
രണ്ട് മാസംവരെ നീളുന്ന ചുമ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് പലരിലും സൃഷ്ടിച്ചിരിക്കുന്നത്. ശ്വാസകോശ അനുബന്ധരോഗങ്ങളുടെ ഗണത്തിൽപെടുത്തി പലരെയും അത്തരം ചികിത്സയിലേക്ക് ഡോക്ടർമാർ നിർദേശിക്കുകയാണ്. ഇതിനിടെ ഒരുതവണ പനിവന്നവരിൽ രണ്ടുംമൂന്നും തവണ പനി ബാധിക്കുന്നതും ഇപ്പോൾ വർധിച്ചുവരുന്നു. ജില്ലയിൽ പത്ത് ദിവസത്തിനിടെ 73,500 പേർക്ക് പനിബാധിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ നൽകുന്ന വിവരം. ഒപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ ഒന്നു മുതൽ പത്തുവരെ 572 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
1051 പേർ സമാന ലക്ഷണങ്ങളുമായി ചികിത്സ തേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ 47 പേർക്ക് എലിപ്പനിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു. എലിപ്പനി സമാനലക്ഷണങ്ങളുമായി 62 പേർ ചികിത്സതേടുകയും നാല് മരണവും ഇതിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
വെള്ളറട, പാങ്ങപ്പാറ, അരുവിക്കര, പൗണ്ടുകടവ്, വാമനപുരം, വട്ടിയൂർക്കാവ്, പെരുങ്കടവിള, ചെട്ടിവിളാകം, നെട്ടയം, നാലാഞ്ചിറ, തൈക്കാട്, കല്ലിയൂർ, പുതുക്കുറിച്ചി, എസ്റ്റേറ്റ്, കല്ലറ, ചാക്കോട്ടു കോണം, പരശുവക്കൽ, ചെങ്കൽ, നെയ്യാറ്റിൻകര, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ഏറെയും സ്ഥിരീകരിച്ചത്. കൂടാതെ എച്ച്വൺ എൻവൺ ഇൻഫ്ലുവൻസ, ചെള്ളുപനി എന്നിവയും വ്യാപകമായി പടരുകയാണ്. കാലാവസ്ഥ വ്യതിയാനത്തോടൊപ്പം വൈറസുകളിൽ വന്നിട്ടുള്ള ജനിതകമാറ്റം പനി രൂക്ഷമാകാൻ കാരണമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
ഒരിക്കൽ ഡെങ്കിപ്പനി വന്നവരിലും കോവിഡ് ബാധിച്ചവരിലും ഇപ്പോൾ ബാധിക്കുന്ന പനിയും ഡെങ്കിപ്പനിയും കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പലർക്കും പലരീതിയിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അമിതമായ ക്ഷീണവും രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ടുകൾ വല്ലാതെ താഴുന്നതും പനിലക്ഷങ്ങൾക്കൊപ്പം കാണുന്നു. പ്ലേറ്റ്ലെറ്റുകളുടെ ആവശ്യകതയും കൂടിയിട്ടുണ്ട്. അതേസമയം, നിലവിൽ പ്ലേറ്റ്ലെറ്റുകൾക്ക് ക്ഷാമം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. മുതിർന്നവർക്കൊപ്പം കുട്ടികളിലും പനി പടരുകയാണ്.
പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സ്വയം ചികിത്സ അരുതെന്നും ആശുപത്രികളിലെത്തി ചികിത്സ തേടണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.