സ്റ്റാർ ഹോട്ടലുകളിലടക്കം പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
text_fieldsതിരുവനന്തപുരം: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധമൂലം കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചതിനുപിന്നാലെ, സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്ന പരിശോധന ജില്ലയിലും തുടരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന് പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. നിരവധി കടകള്‍ക്ക് നോട്ടീസ് നൽകി. ഹോട്ടല്‍ ഭക്ഷണത്തില്‍ പാമ്പിെൻറ തോല് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നെടുമങ്ങാട് നഗരസഭയിൽ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്.
സ്റ്റാർ ഹോട്ടലുകളായ ഇന്ദ്രപ്രസ്ഥ, സൂര്യ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍നിന്ന് പഴകിയ ആഹാരസാധനങ്ങള്‍ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച കോഴിയിറച്ചിയും പഴകിയ മാവും പിടിച്ചെടുത്തു.
വട്ടപ്പാറയിലെ എസ്.യു.ടി മെഡിക്കൽ കോളജിെൻറ കാന്റീനില്‍നിന്നു പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയില്‍ കണ്ടെത്തി. എസ്.യു.ടിയിലെ ഹോസ്റ്റൽ മെസില്‍നിന്ന് 25 കിലോ ഉപയോഗശൂന്യമായ മീന്‍ പിടിച്ചെടുത്തു. നിരവധി കടകള്‍ക്ക് നോട്ടീസ് നൽകി. കേരള ഹൗസ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് നോട്ടീസ് നൽകി. നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തവയിലുണ്ട്. ചെറിയ സ്ഥാപനങ്ങളില്‍ മാത്രം റെയ്ഡ് നടത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് പരിശോധന വലിയ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചത്.
തിരുവനന്തപുരം നഗരസഭ ഹെൽത്ത് വിഭാഗം നഗരത്തിലെ 20 ഹോട്ടലുകളിൽ പരിശോധന നടത്തി. വിഴിഞ്ഞം മണ്ണിൽ ഫാമിലി റെസ്റ്റോറൻറ്, ഇടപ്പഴിഞ്ഞി സെയ്യദലി ചിക്കൻ സ്റ്റാൾ എന്നീ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
തിരുമലയിലെ വഴിയോര കച്ചവട സ്ഥാപനങ്ങൾ, വിഴിഞ്ഞം സർക്കിൾ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധനയും പ്ലാസ്റ്റിക് ബോധവത്കരണവും നടത്തി. വരുംദിവസങ്ങളിലും ഇത്തരത്തിൽ പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.