തീരമേഖലയിൽ പരിശോധന; എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: എക്സൈസ് സ്പെഷൽ സ്ക്വാഡ് ജില്ലയുടെ തീരമേഖലയിൽ നടത്തിയ തിരച്ചലിൽ കാൽകിലോയിലേറെ ലഹരിയുമായി മൂന്ന്പേർ പിടിയിൽ. എറണാകുളം അങ്കമാലി സ്വദേശി ടോണിൻ ടോമി(32)യെ 250.94 ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്. പുതിയതുറ സ്വദേശി എബിൻ യൂജിൻ(26) പുതിയതുറ സ്വദേശി സച്ചു എന്ന സജൻ(32) എന്നിവരാണ് പിടിയിലായ രണ്ടുപേർ.
മൂന്നുപേരിൽ നിന്നുമായി 259.75 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ അരക്കോടിയോളം വിലവരും. ജില്ലയിൽ എക്സൈസ് നടത്തിയ വലിയ എം.ഡി.എം.എ വേട്ടയാണിത്. കാറിൽ പുതിയതുറ ഭാഗത്തുകൂടി ലഹരിയുമായി വരുമ്പോഴാണ് ടോണിൻ പിടിയിലായത്. പുതിയതുറ ഭാഗത്ത് എബിന്റെ വീട്ടിൽ താമസിച്ചാണ് കച്ചവടം നടത്തിയിരുന്നത്.
ഡൽഹിയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. തുണിഷ്യ അടക്കമുള്ള രാജ്യങ്ങളിലും ഇയാൾക്ക് ബന്ധമുണ്ട്. ടോണിൻ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിലെ എബിൻ യൂജിനെ(26) 5.58 ഗ്രാം എം.ഡി.എം.എയുമായി ആഴിമലയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. ഇയാൾ കച്ചവടത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. തുടർന്നാണ് ടോണിനിലേക്കെത്തിയത്.
ചൊവ്വരയിൽ നിന്നും പുതിയതുറ സ്വദേശി സച്ചു എന്ന സജനെ(32)യാണ് 3.23 ഗ്രാം എം.ഡി.എം.എയുമായി ആദ്യം പിടികൂടിയത്. കാറിലായിരുന്ന ഇയാൾ ഏക്സൈസിന്റെ ബൈക്ക് ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് എക്സൈസ് സംഘം ഇയാളെ പിന്തുടർന്ന് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു.
കാലടി സ്റ്റേഷനിലെ ഒരു കൊലപാതക കേസെടക്കം ഒമ്പതോളം ക്രിമിനൽ കേസിലെ പ്രതിയാണ് ടോണിൻ. മട്ടാഞ്ചേരി പൊലീസ് 493 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയ കേസിൽ ഇയാളുടെ സഹോദരൻ പിടിയിലായിരുന്നു. കേസിൽ പ്രതിയായതോടെ അങ്കമാലിയിൽ നിന്നും ഒളിവിൽ പോയി. തീരദേശം കേന്ദ്രീകരിച്ച് എം.ഡി.എം.എ കച്ചവടം തുടങ്ങുകയായിരുന്നു.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു , നന്ദകുമാർ, പ്രബോത് , അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസറായ ഗീതകുമാരി, ഡ്രൈവർ അനിൽകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.