രാജ്യാന്തര ചലച്ചിത്ര മേള; സമകാലിക ജീവിതക്കാഴ്ചകളുമായി വനിത സംവിധായകരുടെ 32 ചിത്രങ്ങൾ
text_fieldsതിരുവനന്തപുരം: ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയിൽ വനിത സംവിധായകരുടെ 32 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈൻ ചിത്രം 'ക്ലൊണ്ടൈക്കും' വിയറ്റ്നാം ചിത്രം 'മെമ്മറിലാൻഡും' ഉൾെപ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളടക്കമാണിവ.
സെർബിയയിലെ വർത്തമാനകാല രാഷ്ട്രീയവും ജീവിതാവസ്ഥകളും പങ്കുവെക്കുന്ന ആറ് നവതരംഗ ചിത്രങ്ങളും പ്രദർശിപ്പിക്കും. ത്രികോണപ്രണയത്തിന്‍റെ കഥ പറയുന്ന ഓസ്‌കർ നോമിനേഷൻ ലഭിച്ച ഇവാൻ ഇകിക്ക് ചിത്രം ഒയാസിസ്, അസ്ഫാർ അസ് ഐ കാൻ വാക്ക് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ.
ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ വർക്കിങ് ക്ലാസ് ഹീറോസ് എന്ന ചിത്രം നിർമാണ തൊഴിലാളികളുടെ അവകാശലംഘന പോരാട്ടങ്ങളാണ് പ്രമേയമാക്കുന്നത്. മിലോസ് പുസിചാണ് സംവിധായകൻ.
നഷ്ടപ്പെട്ട മക്കളെ വീണ്ടെടുക്കാൻ അച്ഛൻ നടത്തുന്ന പോരാട്ടമാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സെർദാൻ ഗോലുബോവിചിന്‍റെ 'ഫാദർ' ചിത്രത്തിന്‍റെ പ്രമേയം. ആഫ്രിക്കൻ കുടിയേറ്റക്കാരുടെ സ്വത്വം, പാരമ്പര്യം, അതിജീവനം തുടങ്ങിയ വിഷയങ്ങളാണ് സ്റ്റെഫാൻ ആഴ്സനിജെവികിന്‍റെ 'അസ് ഫാർ അസ് ഐ കാൻ വാക്ക്' ചർച്ച ചെയ്യുന്നത്.
ഈജിപ്റ്റിലെ മത രാഷ്ട്രീയം പ്രതിസന്ധിയിലാക്കിയ വിദ്യാർഥിയുടെ ജീവിതം ചിത്രീകരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ 'ബോയ് ഫ്രം ഹെവൻ' ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി കെയ്‌റോയിൽ എത്തുന്ന വിദ്യാർഥിക്ക് യാഥാസ്ഥിതികരായ മതമേധാവികളിൽനിന്ന് നേരിടേണ്ടിവരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. കഥാപാത്രം അനുഭവിക്കുന്ന മതപരവും രാഷ്ട്രീയപരവുമായ അനീതികളിലൂടെയാണ് 'കെയ്റോയിലെ ഗൂഢാലോചന' എന്ന് നിരൂപകർ വിശേഷിപ്പിക്കുന്ന ചിത്രം വികസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.