ഇവിടുണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ ഒരു സ്കൂൾ
text_fieldsതിരുവനന്തപുരം: മികച്ച ക്ലാസ് മുറികൾ, പഠനാന്തരീക്ഷം തികച്ചും ദേശീയ നിലവാരത്തെക്കാൾ മികച്ചത്, കുരുന്നുകൾക്കായി പാർക്ക്, മീനും താമരയും നിറഞ്ഞ ചെറിയ കുളത്തിൽ പാറക്കല്ലുകൾ കൊണ്ടൊരു ഫൗണ്ടൻ, മേൽക്കൂരയിൽ മഴത്തുള്ളികൾ പൊഴിഞ്ഞ പോലെ...സിനിമയിലെ രംഗം വിവരിക്കുന്നതല്ല, നഗരഹൃദയത്തിലുള്ള ഒരു സ്കൂളിന്റെ അന്തരീക്ഷം വിവരിച്ചതാണ്.
വഞ്ചിയൂർ ഗവ. ഹൈസ്കൂളാണ് അന്തർദേശീയ നിലവാരത്തിലേക്ക് രൂപംമാറിയത്. അടിസ്ഥാനസൗകര്യങ്ങളിൽ മാത്രമല്ല പഠനരീതിയിലും യൂനിഫോമിൽ പോലുമുണ്ട് ഇന്റർനാഷനൽ സ്റ്റാൻഡേർഡ്. പുറത്തുനിന്ന് അധ്യാപകരെ കൊണ്ടുവന്ന് വ്യക്തിത്വ വികസനത്തിന് ക്ലാസെടുക്കുന്നതും നീറ്റ്, ജെ.ഇ.ഇ പോലുള്ള വിവിധ മത്സരപരീക്ഷകളിൽ പരിശീലനം നൽകുന്നതുംവരെ ഉൾപ്പെടുത്തി ഫൈവ് സ്റ്റാർ പ്രോജക്ട് എന്നൊരുപദ്ധതിയും ഈ വർഷം മുതൽ ആരംഭിക്കുന്നു.
മൂന്നുവർഷംകൊണ്ട് ഇന്റർനാഷനൽ സ്റ്റാൻഡേഡിലുള്ള സ്കൂളാക്കി മാറ്റുകയാണ് ലക്ഷ്യം. സർക്കാർ അനുവദിച്ച ഡിജിറ്റൽ ലൈബ്രറിയിലൂടെ ഒരു കുട്ടിക്ക് 2000 പുസ്തകങ്ങൾ വരെ വായിക്കാൻ കഴിയും.
സ്കൂളിലെ കുളം 20 അടി നീളത്തിലും രണ്ടടി ആഴത്തിലുമാണ്. മത്സ്യങ്ങളെക്കുറിച്ചും താമര പോലുള്ള സസ്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് നേരിട്ട് പഠിക്കാൻ കഴിയുമെന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. വിദ്യാർഥികൾക്കായി അടിസ്ഥാന സാമഗ്രികൾ ഒരുക്കി നൽകുന്നു.
മറ്റേതൊരു സ്കൂളിനോടും കിടപിടിക്കും വിധമുള്ള സൗകര്യങ്ങളാണ് പ്രഥമാധ്യാപകൻ അബ്ദുൽ നാസറും 11 അധ്യാപകരും ചേർന്ന് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. എസ്.എസ്.കെ വഴിയുള്ള ഏഴ് ലക്ഷം രൂപ കൊണ്ടായിരുന്നു നവീകരണപ്രവർത്തനം. കുളവും ഫൗണ്ടനും നിർമിക്കാൻ സ്വകാര്യവ്യക്തി മുന്നോട്ടുവന്നു. 1942ൽ ആരംഭിച്ച സ്കൂളിൽ 2000 കുട്ടികൾ വരെ പഠിച്ച കാലമുണ്ടായിരുന്നു.
നിലവിൽ 23 കുട്ടികളാണുള്ളത്. കഴിഞ്ഞവർഷം പത്താംതരം പരീക്ഷയെഴുതിയ 10 പേരിൽ ഒമ്പതുപേരും വിജയിച്ചിരുന്നു. നഗരമധ്യത്തിൽ ഇത്രയും മികച്ച നിലവാരത്തിൽ ഒരു സർക്കാർ സ്കൂൾ ഉണ്ടായിട്ടും പതിനായിരങ്ങൾ ഫീസൊടുക്കി മക്കളെ സ്വകാര്യ സ്കൂളിലേക്ക് പറഞ്ഞയക്കുന്നത് എന്തിനെന്ന ചോദ്യം ബാക്കി.
സ്കൂൾ ബസും പ്രീപ്രൈമറിയും
സ്കൂളിന് സ്വന്തമായൊരു ബസില്ലെന്നത് പോരായ്മയാണ്. കുട്ടികൾ വർധിക്കുന്നതനുസരിച്ച് നാട്ടുകാരുടെ കൂടി സഹകരണത്തോടെ ഇത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ. എൽ.കെ.ജി, യു.കെ.ജി സെക്ഷനുകൾ ആരംഭിക്കുന്നതിന് സർക്കാറിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ പി.ടി.എയുടെ സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ പ്രീ പ്രൈമറി ആരംഭിക്കുമെന്നും സ്കൂൾ അധികൃതർ ഉറപ്പുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.