നുകരാൻ ആയിരങ്ങൾ...മായക്കാഴ്ചയൊരുക്കി കന്യാകുമാരി
text_fieldsനാഗർകോവിൽ: മറക്കാത്ത കാഴ്ചകൾ പകർന്നുനൽകുന്ന കന്യാകുമാരി എന്നും സഞ്ചാരികൾക്ക് ഒരനുഭവമാണ്. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ ഇവയുടെ സംഗമ കേന്ദ്രത്തിലെ സൂര്യോദയവും അസ്തമയവും ഒപ്പം ഇളംകാറ്റിന്റെ തലോടൽ ഇവ നുകരാൻ ആഗ്രഹിക്കാത്തവർ കുറവാണ്.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കന്യാകുമാരി നൽകുന്ന പ്രകൃതിദത്തമായ കാഴ്ചകളും അനുഭൂതിയും ഒരു വശത്താണെങ്കിൽ മറുവശത്ത് മനുഷ്യനിർമിത സൗദങ്ങളാണ്. കന്യാകുമാരി ദേവി ക്ഷേത്രം, ഔവർ ലേഡി ഓഫ് റാൻസം ചർച്ച്, വിവേകാനന്ദ പാറ, തിരുവള്ളുവർ പ്രതിമ, ഗാന്ധി മണ്ഡപം, കാമരാജ് സ്മൃതി മണ്ഡപം, ലൈറ്റ്ഹൗസ്, സർക്കാർ മ്യൂസിയം, അടുത്തകാലത്ത് തുടങ്ങിയ കടൽയാത്രയിൽ കൂടിയുള്ള വട്ടക്കോട്ട സന്ദർശനം, വിവേകാനന്ദ കേന്ദ്രത്തിലെ ആത്മീയ സ്പന്ദനങ്ങൾ ഒപ്പംചെറുതും വലുതുമായ ചരിത്ര അടയാളങ്ങൾ ഇവയെല്ലാം മായാക്കാഴ്ചകളായി സഞ്ചാരികളുടെ മനസ്സ് നിറക്കുന്നു.
ഒക്ടോബർ മുതൽ മേയ് വരെ നീളുന്ന ശബരിമല, സ്കൂൾ അവധിക്കാല സീസണും ജൂൺ തുടങ്ങുന്ന മഴക്കാല സീസണും ആസ്വദിക്കാനെത്തുന്നവരാണ് അധികവും. സർക്കാറുകളുടെ ദീർഘവീക്ഷണമില്ലായ്മ, അടിസ്ഥാന സൗകര്യത്തിലെ അപര്യാപ്തത, ശുചിത്വ സംരക്ഷണം എന്നിവ വേണ്ട രീതിയിലല്ല കന്യാകുമാരിയിലുള്ളത്.
സഞ്ചാരിക്കുവേണ്ട കുടിവെള്ളം, ശുചിത്വം ഉറപ്പുവരുത്തുന്ന ശൗചാലയം എന്നിവ കുറവാണ്. ശുചിത്വവും ഗുണനിലവാരവും മിതമായ വിലയുമുള്ള ഭക്ഷണ കേന്ദ്രങ്ങൾ ഇല്ലായെന്ന് പറയാം. സർക്കാർ നിയന്ത്രണത്തിലുള്ള പാർക്കിങ് ഗ്രൗണ്ടും ഇല്ല. വിവിധ ഭാഷകളും സംസ്കാരവുമായി എത്തുന്ന ടൂറിസ്റ്റുകളെ നിയന്ത്രിച്ചുവിടാൻ ഉച്ചഭാഷിണി സൗകര്യമോ ഒന്നും ഇല്ല. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് വിവേകാനന്ദപ്പാറ കാണാൻ മണിക്കൂറുകൾ ക്യൂവിൽ വെയിലത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്.
കന്യാകുമാരി ടൗൺ പഞ്ചായത്തിന് കോടിക്കണക്കിന് നികുതി വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം വിനോദസഞ്ചാരികൾക്ക് ലഭ്യമല്ല. ലോഡ്ജുകളിൽ സീസൺ കാലത്ത് പല കാരണങ്ങൾ പറഞ്ഞ് അമിതനിരക്ക് വാങ്ങുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.