ഐ.ഒ.സി ഡി.ജി.എമ്മിന്റെ അറസ്റ്റ്: വിജിലൻസ് വലയൊരുക്കി കാത്തിരുന്നത് ഒരാഴ്ച
text_fieldsതിരുവനന്തപുരം: പാചകവാതക വിതരണ ഏജന്‍സി ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട ഐ.ഒ.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെ പിടികൂടിയത് അതീവ കരുതലോടെ. ഓപറേഷന് ഹസ്തയിലൂടെയാണ് അലക്സ് മാത്യു പിടിയിലായത്. വിജിലന്‍സ് നടത്തിയത് ദേശീയ ഏജന്‍സികളെ വെല്ലുന്ന ഓപറേഷൻ.
മുന്‍ ഇ.ഡി തലവന്‍ കൂടിയായ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്. കൈക്കൂലി ആവശ്യപ്പെട്ടയുടന്‍ ഏജന്‍സി ഉടമ മനോജ് സി.ബി.ഐയെ ആയിരുന്നു ആദ്യം സമീപിച്ചത്. എന്നാല്‍ കോടതി വഴി വന്നാലെ തങ്ങള്‍ക്ക് കേസെടുക്കാന്‍ കഴിയൂ എന്നു കാണിച്ച് വിജിലന്‍സിനെ സമീപിക്കാൻ സി.ബി.ഐ ഉപദേശം നല്കി. അലക്സ് മാത്യു 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് മനോജ് വിജിലന്‍സിലെത്തി പരാതി പറഞ്ഞു. പരാതി ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ അറിയിച്ചു. പരാതി വമ്പന്‍ സ്രാവിനെതിരെയായതിനാല് കരുതലോടെയായിരുന്നു നീക്കം.
ഉദ്യോഗസ്ഥരോട് പരാതിക്കാരനില്‍ നിന്ന് പരാതി എഴുതി വാങ്ങാന്‍ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടത് എങ്ങനെ, എന്തിന് തുടങ്ങിയവ റെക്കോഡായി രേഖപ്പെടുത്തി. പിന്നാലെ അലക്സ് മാത്യു നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു.
പരാതിക്കാരനായ കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജന്‍സി ഉടമ മനോജിനെ വിളിക്കുന്ന ടെലിഫോണ്‍ കോളുകൾ റെക്കോഡ് ചെയ്തു. അലക്സിന്റെ കോളുകളെല്ലാം വിജിലന്‍സിനു കൈമാറി. മൊബൈല്‍ ടവര്‍ റേഞ്ചിനു കീഴിലുള്ള വിജിലന്‍സ് എസ്.പി മാര്‍ക്ക് നിര്‍ദേശം നല്കി. ബാങ്ക് നിക്ഷേപങ്ങളും ബിസിനസും പരിശോധിച്ചു. എന്തായാലും പണം വാങ്ങാനായി ഇയാള്‍ എത്തുമെന്ന് വിജിലന്‍സ് ഉറപ്പിച്ചു. മാത്രമല്ല മുമ്പും പലരില്‍ നിന്നും വിലപേശി തന്നെ അലക്സ് പണം വാങ്ങിയെന്നും വിജിലന്‍സ് ഉറപ്പിച്ചു. ഇവരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമീപിച്ചെങ്കിലും കേസിനില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനിടയിലാണ് അലക്സ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.
യാത്രക്കിയെ അലക്സ് മാത്യു മനോജിനെ വിളിച്ച് പണത്തിന്റെ കാര്യം വീണ്ടും ആവശ്യപ്പെട്ടു. പൂജപ്പുരയിലെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് തലവന്‍ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം സജ്ജമായി. രണ്ടു ലക്ഷം കൈമാറാന്‍ റെഡിയാക്കി. എങ്ങനെ, എപ്പോള്‍ കൈമാറണമെന്നു പരാതിക്കാരനെ പഠിപ്പിച്ചു. തിരുവനന്തപുരത്തെത്തി പണം കൈമാറുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.