ഐ.ആർ.സി.ടി.സി വിമാന ടിക്കറ്റ്; റിസർവേഷൻ കിട്ടിയില്ല, പണവും പോയി - ദുരനുഭവം അഡീഷണൽ സെക്രട്ടറിക്ക്
text_fieldsതിരുവനന്തപുരം: ഐ.ആർ.സി.ടി.സി വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത അഡീഷനൽ സെക്രട്ടറിയെ വട്ടംകറക്കി ബാങ്കും പോർട്ടലും. ടിക്കറ്റും കിട്ടിയില്ല, പോയ കാശ് തിരികെയും വന്നില്ല. ഐ.ആർ.സി.ടി.സിയുടെ എയർ പോർട്ടൽ വഴി അന്തമാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത റവന്യൂ സെക്രട്ടറിയും ഹൗസിങ് കമീഷണറുമായ ബി. അബ്ദുൽ നാസറിനാണ് ദുരനുഭവം.
സിവിൽ സർവിസ് ഉദ്യോഗസ്ഥർക്ക് എൽ.ടി.സി (ലീവ് ട്രാവൽ കൺസഷൻ) യാത്രകൾക്ക് ഐ.ആർ.സി.ടി.സി അടക്കം മൂന്ന് പോർട്ടൽ വഴി മാത്രമേ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാവൂ എന്നാണ് വ്യവസ്ഥ. ഇതുപ്രകാരം ഈ മാസം 27നുള്ള യാത്രക്കായി ആഗസ്റ്റ് 15നാണ് കുടുംബാംഗങ്ങളടക്കം ആറുപേർക്കുള്ള ടിക്കറ്റ് അബ്ദുൽ നാസർ ബുക്ക് ചെയ്തത്. ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡുപയോഗിച്ചായിരുന്നു ബുക്കിങ്. 1.60 ലക്ഷം രൂപ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ആയെങ്കിലും ബുക്കിങ് പരാജയപ്പെട്ടു. തുക തങ്ങളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നാണ് ഐ.ആർ.സി.ടി.സിയുടെ വാദം. അതേസമയം ടിക്കറ്റ് റിസർവേഷൻ പരാജയപ്പെട്ടത് എന്തുകാരണം കൊണ്ടാണെന്ന് വിശദീകരിക്കാനും അവർക്കാകുന്നില്ല. സാങ്കേതിക കാരണമെന്ന പൊതു പല്ലവിയാണ് ഐ.ആർ.സി.ടി.സി ആവർത്തിക്കുന്നത്.
ബുക്കിങ് പരാജയപ്പെട്ടാൽ സ്വാഭാവികമായും തുക തിരികെ അക്കൗണ്ടിലേക്ക് മടങ്ങിയെത്തുകയാണ് അടുത്ത നടപടി. എന്നാൽ, ഇടപാട് പരാജയപ്പെട്ട് എട്ടു ദിവസമായിട്ടും ഇതുവരെയും തുക റീഫണ്ട് ചെയ്ത് കിട്ടിയില്ലെന്ന് അബ്ദുൽ നാസർ പറയുന്നു. വിവരമാരായുമ്പോൾ കൃത്യമായ മറുപടിയും ലഭിക്കുന്നില്ല. ഐ.ആർ.സി.ടി.സിയിൽനിന്ന് രേഖാമൂലം കിട്ടിയ മറുപടിയിൽ അഞ്ചു മുതൽ ഏഴ് ദിവസത്തിനുള്ളിൽ പണം തിരികെയെത്തുമെന്നാണ് അറിയിക്കുന്നത്. ഇനി ഈ സമയപരിധിക്കുള്ളിൽ പണമെത്തിയില്ലെങ്കിൽ വീണ്ടും ബാങ്കിനെ സമീപിക്കാനുള്ള നിർദേശവുമുണ്ട്. ബാങ്കിൽനിന്നാകട്ടെ അനുകൂലമായ മറുപടി ഉണ്ടാകുന്നില്ലെന്നും അബ്ദുൽ നാസർ പറയുന്നു. അതിനിടെ, സംസ്ഥാന സർക്കാറിന്റെ ഒഡേപെക് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവാദമുണ്ടെന്നറിഞ്ഞ് ആ വഴിക്ക് ശ്രമം നടത്തി. ഐ.ആർ.സി.ടി.സി വഴിയുള്ള ബുക്കിങ്ങിനെക്കാൾ 50,000 രൂപ കുറവായിരുന്നു ഒഡെപെക് വഴിയുള്ള ടിക്കറ്റ് റിസർവേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.