സാക്ഷരത മിഷൻ ആസ്ഥാന മന്ദിരം നിർമാണത്തിൽ ക്രമക്കേട്, കെട്ടിട നമ്പർ നൽകാതെ കോർപറേഷൻ
text_fieldsതിരുവനന്തപുരം: സാക്ഷരത മിഷെൻറ ആസ്ഥാന മന്ദിര നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 2019 ഒക്ടോബറിൽ പണി പൂർത്തിയാക്കിയ കെട്ടിടത്തിന് ഇതുവരെ കോർപറേഷൻ കെട്ടിട നമ്പർ അനുവദിച്ചില്ലെന്ന് വിവരാവകാശ രേഖ. അനുവദിച്ചതിലും കൂടുതൽ ഭൂമി കൈയേറി സാക്ഷരത മിഷൻ സംസ്ഥാന ഓഫിസ് കെട്ടിടം നിർമിച്ചെന്ന കോർപറേഷൻ കണ്ടെത്തൽ വിവാദമായതിനു പിന്നാലെയാണ് ഇനിയും കെട്ടിട നമ്പർ അനുവദിച്ചിട്ടില്ലെന്ന മറുപടി ലഭിച്ചത്.
കെട്ടിട നിർമാണത്തിൽ സാക്ഷരത മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ 2.95 കോടിയുടെ അഴിമതി നടത്തിയെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. സാക്ഷരത മിഷൻ കെട്ടിട നിർമാണം തുടങ്ങിയതിനുശേഷം 2019ൽ സത്യസായി ട്രസ്റ്റുമായി 450 ചതുരശ്ര അടി വിസ്തീർണം വീതമുള്ള 45 െറസിഡൻഷ്യൽ യൂനിറ്റുകൾ നിർമിക്കാൻ ഹാബിറ്റാറ്റ് കരാർ ഒപ്പിട്ടിരുന്നു. 450 ചതുരശ്ര അടി കെട്ടിടം നിർമിക്കാൻ 630000 രൂപയാണ് ചെലവ്. അതായത് ചതുരശ്ര അടിക്ക് നിരക്ക് 1400 രൂപ. അതേസമയം ഹാബിറ്റാറ്റ് ഗ്രൂപ്പിനെക്കൊണ്ട് സാക്ഷരത മിഷൻ സംസ്ഥാന ഓഫിസ് നിർമിച്ചത് ചതുരശ്ര അടിക്ക് 3567 നിരക്കിലും. ഈ നിരക്കിൽ മൊത്തം 13654 ചതുരശ്ര അടി വിസ്തീർണത്തിൽ സാക്ഷരത മിഷൻ കെട്ടിട നിർമാണം പൂർത്തിയാക്കിയത് 4.87 കോടി ചെലവഴിച്ചാണ്.
ചതുരശ്ര അടിക്ക് 1400 രൂപ നിരക്കിൽ കെട്ടിടം പൂർത്തിയാക്കിയിരുന്നെങ്കിൽ ഉണ്ടാകാവുന്ന നിർമാണ ചെലവ് 1,91,05,600 രൂപയാണ്. ഇതിലൂടെ കെട്ടിട നിർമാണത്തിനായി സാക്ഷരത മിഷൻ അധികമായി ചെലവഴിച്ചത് 2,95,84,400 രൂപയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രക്ഷോഭത്തിലാണ്. പൊതു വിദ്യാഭ്യാസ വകുപ്പിെൻറ 43 സെൻറ് സ്ഥലം കൈയേറിയാണ് സാക്ഷരത മിഷൻ പേട്ടയിൽ ആസ്ഥാന മന്ദിരം നിർമിച്ചതെന്ന് കോർപറേഷൻ രേഖയിൽ നിന്ന് നേരത്തേ വ്യക്തമായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിെൻറ പേട്ടയിലെ മൊത്തം ഒരു ഏക്കർ 40 സെൻറ് സ്ഥലത്തിലെ (വഞ്ചിയൂർ വില്ലേജിൽ സർവേ നമ്പർ 178/ബി ) 16 സെൻറിൽ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള അനുമതിയാണ് സർക്കാർ സാക്ഷരത മിഷന് നൽകിയത്.
കോർപേറഷെൻറ അനുമതി വാങ്ങാതെയാണ് 2018 മേയിൽ കെട്ടിട നിർമാണം തുടങ്ങിയത്. ഇതിനായി 2018 ഫെബ്രുവരിയിൽ അപേക്ഷ നൽകിയെങ്കിലും കെട്ടിട നിർമാണച്ചട്ടങ്ങൾക്കനുസൃതമല്ലാത്തതിനാൽ നിരസിച്ചു. മുഖ്യമന്ത്രിയായിരുന്നു അന്ന് തറക്കലിടൽ കർമം നിർവഹിച്ചത്. കെട്ടിടത്തിെൻറ പണി ഏതാണ്ട് പൂർത്തിയായ ശേഷം 2019 മാർച്ച് 30ന് വീണ്ടും നിർമാണ അനുമതിക്കായി കോർപറേഷനിൽ അപേക്ഷ സമർപ്പിച്ചെങ്കിലും ക്രമവിരുദ്ധ നിർമാണപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സെക്രട്ടറി അപേക്ഷ മടക്കി അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.