ഉച്ചഭക്ഷണത്തിൽ ക്രമക്കേട്: കാട്ടായിക്കോണം മോഡൽ യു.പി സ്കൂളിൽ വിജിലൻസ് പരിശോധന
text_fieldsപോത്തൻകോട്: ഓഡിറ്റിങ്ങിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കാട്ടായിക്കോണം ഗവ. മോഡൽ യു.പി സ്കൂളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന നഹാസ് കുട്ടികളുടെ ഉച്ചഭക്ഷണം, പിന്നാക്ക വിഭാഗക്കാർക്കുള്ള ഗ്രാൻഡ് തുടങ്ങിയവയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഓഫിസിൽ മുമ്പ് നടന്ന ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. കെ.എസ്.ടി.എ എക്സിക്യൂട്ടിവ് അംഗം എന്ന സ്വാധീനമുപയോഗിച്ച് പെൻഷൻ തടസ്സമില്ലാതെ കിട്ടുന്നതിന് ഇദ്ദേഹം തന്റെ ഭാര്യ ഷീജയെ കണിയാപുരം എ.ഇ.ഒ ആയി നിയമിച്ചെന്നും ആക്ഷേപമുയർന്നിരുന്നു.
ബാധ്യതകൾ നിലനിൽക്കെ ഓഡിറ്റ് റിപ്പോർട്ട് നൽകുംമുമ്പ് ഭർത്താവിന്റെ പെൻഷൻ സാധ്യമാക്കാൻ എ.ഇ.ഒ ചട്ടവിരുദ്ധമായി ബാധ്യതരഹിത പത്രം കഴക്കൂട്ടം ട്രഷറിയിൽ നൽകിയെന്ന് പരാതിയുയർന്നു. എ.ഇ.ഒ ഓഫിസിലെ നൂൺമീൽ ഓഫിസറും സീനിയർ സൂപ്രണ്ടുമാണ് പരാതി നൽകിയത്.
അഴിമതി, അന്വേഷണത്തിലെ മെല്ലെപ്പോക്ക് എന്നിവ സംബന്ധിച്ച് ‘മാധ്യമം’ വാർത്തയും നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. എ.ഇ.ഒ ഷീജയെ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റി.
ഭർത്താവിന് പെൻഷൻ കിട്ടാൻ വ്യാജരേഖയുണ്ടാക്കി ബാധ്യതരഹിത പത്രം തയാറാക്കിയതുമൂലം സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായതായും കണ്ടെത്തി. സർക്കാറിനുണ്ടായ നഷ്ടം ഷീജയുടെ ശമ്പളത്തിൽനിന്ന് കണ്ടെത്തണമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവായി.
നേരത്തേ വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അതിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. 2009 മുതൽ പ്രധാനാധ്യാപകനായിരുന്ന നഹാസിന്റെ ധന വിനിയോഗ പത്രം ഒപ്പിട്ടത് പിന്നീട് എ.ഇ.ഒ ആയി എത്തിയ ഭാര്യ ഷീജയാണെന്ന് കണ്ടെത്തി. കൂടാതെ പല ബില്ലുകളും വ്യാജമായി നിർമിച്ചതാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് പൊലീസ് വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്.
ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചോടെയാണ് അവസാനിച്ചത്. പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. പരിശോധിച്ച രേഖകൾ മുഴുവൻ വ്യാജമാണെന്ന് കണ്ടെത്തി.
ഓഫിസിലെ പരിശോധനയക്ക് പുറമെ സ്കൂളിലെ ന്യൂൺമീൽ സെക്ഷനിലും പരിശോധന നടന്നു. വരുംദിവസങ്ങളിൽ കണിയാപുരം എ.ഇ.ഒ ഓഫിസിലുൾപ്പെടെ വിജിലൻസ് പരിശോധ നടത്തും. കൂടുതൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നഹാസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിത്തിലാണ് വിജിലൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.