ഗതാഗതം മുടങ്ങിയിട്ട് ഒരുമാസം; കലുങ്ക് നിർമാണം തുടങ്ങിയില്ല
text_fieldsതിരുവനന്തപുരം: മണക്കാട് എം.എൽ.എ റോഡ് ബൈപാസ് സർവീസ് റോഡിനോട് ചേരുന്ന ഭാഗത്തെ കലുങ്ക് നിർമാണം വൈകുന്നു. ഒരു മാസം മുമ്പാണ് പുനർനിർമാണത്തിനായി കലുങ്ക് പൊളിക്കുകയും ഇതോടെ ഈ റൂട്ടിലെ വാഹന ഗതാഗതം പൂർണമായി നിലക്കുകയും ചെയ്തത്. എന്നാൽ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല.
തിരക്കേറിയ റോഡ് എന്ന പരിഗണന നൽകി നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ജനപ്രതിധികളടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെതാണ് ഇനി അറ്റകുറ്റപ്പണി സാധ്യമല്ലെന്നും പൂർണമായി പൊളിച്ച് നിർമിക്കുക മാത്രമാണ് പോംവഴിയെന്നും തീരുമാനിക്കുകയായിരുന്നു. തുടർന്ന് കലുങ്ക് പൊളിച്ചു നീക്കി എം.എൽ.എ റോഡ് തുടങ്ങുകയും അവസാവിക്കുകയും ചെയ്യുന്ന ഭാഗങ്ങളിൽ ‘റോഡ് ക്ലോസ്ഡ്’ ബോർഡ് സ്ഥാപിക്കുകയുമായിരുന്നു.
പരുത്തിക്കുഴി, പൂന്തുറ, ബീമാപള്ളി ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ നിരവധി സർവീസുകൾ എം.എൽ.എ റോഡ് വഴിയാണ് സർവീസ് നടത്തിയിരുന്നത്. റോഡ് അടച്ചതോടെ ബസ് സർവീസുകൾ മറ്റ് റൂട്ടുകൾ വഴിയാക്കിയത് യാത്രാ ക്ലേശവും രൂക്ഷമാക്കുന്നു. കുമരിചന്ത, പൂന്തുറ, പരുത്തിക്കുഴി ഭാഗങ്ങളിലേക്ക് പോകാനും തിരികെ ഈ മേഖലയിലുള്ളവർക്ക് മണക്കാട്-കിഴക്കേക്കോട്ട എന്നിവിടങ്ങളിലേക്ക് എത്താനും സൗകര്യപ്രദമായിരുന്ന റോഡ് കൂടിയാണിത്. റോഡ് അടച്ചത് റോഡിലെ വിവിധ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തേയും ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.