ആർ.ടി.പി.സി.ആർ ഫലമറിയാൻ സമയമേറെ, സമ്പർക്കവ്യാപനം തലവേദന
text_fieldsതിരുവനന്തപുരം: ആൻറിജൻ പരിശോധനക്ക് പകരം ആർ.ടി.പി.സി.ആർ വ്യാപകമാക്കിയെങ്കിലും സാമ്പിൾ നൽകിയവരുടെ ക്വാറൻറീൻ കാര്യത്തിൽ കൃത്യമായ നിർദേശമില്ലാത്തത് പ്രതിരോധകാര്യത്തിൽ പുതിയ തലവേദനയാകുന്നു.
അരമണിക്കൂറിനുള്ളിൽ ഫലം വ്യക്തമാകുമെന്നതിനാൽ ആൻറിജനിൽ പോസിറ്റിവാകുന്നവരെ വേഗം ക്വാറൻറീനിലാക്കാൻ കഴിയുമായിരുന്നു. ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ ചുരുങ്ങിയത് ഒരു ദിവസമെടുക്കും. ഇൗ ഇടേവളയിൽ പരിശോധനക്ക് വിധേയരാകുന്നവർ സാധാരണനിലയിൽ സാമൂഹിക ഇടപെടൽ നടത്തുകയും കൂടുതൽ സമ്പർക്കങ്ങളിലാകുകയും ചെയ്യുകയാണ്.
പോസിറ്റിവാകുന്നവരെ വിവാഹവീട്ടിലും മാർക്കറ്റിലുമെല്ലാം കണ്ടെത്തി വിവരമറിയിക്കേണ്ട സ്ഥിതിയാണിപ്പോഴെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പുതിയ സാഹചര്യത്തിൽ ടെസ്റ്റ് നടത്തുന്നവർ പാലിക്കേണ്ട മാനദണ്ഡങ്ങൾ ആേരാഗ്യവകുപ്പ് നിഷ്കർഷിച്ചിട്ടുമില്ല.
ലക്ഷണങ്ങളോടെ പരിശോധനക്കെത്തുന്നവർ സ്വയം നിയന്ത്രണം പാലിക്കുന്നുണ്ടെങ്കിലും രോഗമില്ലെന്ന നിലയിലാണ് മറ്റുള്ളവരുടെ ഇടപെടലുകൾ. നിലവിൽ കോവിഡ് േപാസിറ്റിവാകുന്നവരിൽ 25 ശതമാനം പേരിൽ മാത്രമാണ് ലക്ഷണമുള്ളതെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അടക്കം സാക്ഷ്യപ്പെടുത്തുന്നത്. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഫലം വരുന്നതുവരെ ക്വാറൻറീനിൽ കഴിയണമെന്ന നിർദേശവുമായി കലക്ടർമാർമാർതന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
ആദ്യ ഡോസ് വാക്സിനേഷന് നിരക്ക് 90 ശതമാനത്തിൽ എത്തിയ സാഹചര്യത്തിലാണ് സ്വകാര്യ ലാബുകളിലെയടക്കം ആൻറിജന്‍ പരിശോധന നിര്‍ത്താൻ സർക്കാർ തീരുമാനിച്ചത്. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് ആൻറിജന്‍ പരിശോധന നടക്കുന്നത്.
രണ്ടു പരിശോധനക്കും ഗുണവും ദോഷവുമുണ്ടെന്നും ഇത് പരിഗണിക്കാതെ ഏതെങ്കിലുമൊന്നിനെ പൂർണമായി തള്ളുന്നത് ശരിയല്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യങ്ങളിൽ ആർ.ടി.പി.സി.ആർ നടത്തി കാത്തിരിക്കുന്നത് രോഗവ്യാപനം വർധിക്കാനേ ഇടയാക്കൂ. ലക്ഷണമുള്ളവരിൽ ആൻറിജൻ നടത്തിയാലും രോഗമുണ്ടോയെന്ന് കണ്ടെത്താനാകുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.