മൃഗശാലയിൽ ഇത് ‘ന്യൂബോൺ ബേബിക്കാലം’
text_fieldsതിരുവനന്തപുരം: മൃഗശാലയിൽ ഒരു കഴുതപ്പുലികൂടി പ്രസവിച്ചതോടെ ഈവർഷം പുതുതായി കുഞ്ഞുങ്ങൾ ഉണ്ടായ ജനുസ്സുകളുടെ എണ്ണം ഏഴായി. ഹിപ്പോക്ക് ഒന്ന്, പുള്ളിപ്പുലിക്ക് മൂന്ന്, മക്കാവു തത്തകൾക്ക് മൂന്ന്, അമേരിക്കൻ റിയക്ക് മൂന്ന് എന്നിങ്ങനെ ആണ് ഇതിന് മുമ്പ് കുഞ്ഞുങ്ങൾ ഉണ്ടായത്. ഇവക്കുപുറമെ സിംഹം, ഹനുമാൻ കുരങ്ങ് എന്നിവക്ക് ജനിച്ച കുഞ്ഞുങ്ങൾ അതിജീവിച്ചില്ല.
നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ 93 ഇനങ്ങളിലുള്ള പക്ഷിമൃഗാദികളുണ്ട്. കേന്ദ്ര മൃഗശാല അതോറിറ്റി നിയമ പ്രകാരം 75 ൽ അധികം ജീവിവർഗങ്ങൾ ഉള്ള മൃഗശാലകളെ ‘ലാർജ് സൂ’ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ വിവിധ ഗണത്തിൽ പെടുന്ന 147 മൃഗശാലകളിൽ തിരുവനന്തപുരം ഉൾപ്പെടെ 17 ലാർജ് സൂകളാണുള്ളത്. പ്രായാധിക്യത്താലും രോഗങ്ങൾ ബാധിച്ചും മൃഗങ്ങളുടെ എണ്ണത്തിൽ കുറവ് വന്നുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധാപൂർവം പ്രജനനം നടത്തുകയാണ് മൃഗശാല അധികൃതർ.
ഇപ്പോൾ കുഞ്ഞുങ്ങൾ ഉണ്ടായവക്കുപുറമെ സിംഹവാലൻ കുരങ്ങ്, ഹിമാലയൻ കരടി തുടങ്ങിയ മൃഗങ്ങളിലും പ്രജനനസാധ്യതകൾ പരിഗണിക്കുന്നുണ്ട്. ഇതിനുപുറമെ പുതുതായി മൃഗങ്ങളെ എത്തിക്കുന്നതിനും ശ്രമങ്ങൾ നടന്നുവരുന്നു. കർണാടകയിലെ ഷിമോഗ സൂവിൽ നിന്ന് മുതലകൾ, കുറുക്കൻ, കഴുതപ്പുലി എന്നിവയെ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് മഞ്ഞ അനാക്കോണ്ടകൾ, വെള്ള മയിൽ, ചെന്നായ എന്നിവയെ എത്തിക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരുന്നു. ഇതിനുപുറമെ ജിറാഫ്, സീബ്ര എന്നിവയെ വിദേശത്തുനിന്ന് എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.