ജിമ്മി ജോർജ് സ്പോർട്സ് ഹബ് പൊതുപരിപാടികൾക്ക്; നിരാശയോടെ കായികപ്രേമികൾ
text_fieldsതിരുവനന്തപുരം: അന്തർദേശീയ പ്രാധാന്യമുള്ള ഇൻഡോർ സ്റ്റേഡിയം മറ്റ് ആവശ്യങ്ങൾക്കായി നൽകുമ്പോൾ കായികപ്രേമികളും കായിക താരങ്ങളുമടക്കം നിരാശയിൽ. വിഖ്യാത വോളിബാൾതാരം ജിമ്മി ജോർജിന്റെ പേരിൽ വെള്ളയമ്പലത്തുള്ള കായിക കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. ‘ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം എന്ന് അറിയപ്പെട്ടിരുന്ന ഇത് ജിമ്മി ജോർജ് സ്പോർട്സ് ഹബ് ആണിപ്പോൾ.
കായിക താരങ്ങൾക്കും പരിശീലകർക്കും കായികാരോഗ്യ പരിപാലനത്തിനായി എത്തുന്നവർക്കും ഇപ്പോൾ ഇവിടേക്ക് ‘പ്രവേശന’മില്ല. ഇൻഡോർ സ്റ്റേഡിയം മാത്രമല്ല ആ പരിസരമാകെ പൊതുപരിപാടികൾക്ക് വിട്ടുകൊടുക്കുകയാണ്. സർക്കാർ ഖജനാവിലേക്കുള്ള ധനസമ്പാദനത്തിനായി ഇത്രയും വലിയ കായിക കേന്ദ്രം വിട്ടുകൊടുക്കുമ്പോൾ നിരാശരാകുന്ന നിരവധിപേരുണ്ട്.
ദിവസവും അഞ്ഞൂറോളം പേർ ബാഡ്മിന്റൺ കളിക്കാൻ ഇവിടെ എത്തുന്നു. ഒമ്പത് ഷട്ടിൽ കോർട്ടുണ്ട്. ഒരു കോർട്ടിൽ ഒരു മണിക്കൂർ എട്ടു പേർക്ക് കളിക്കാം. ഇങ്ങിനെ മൂന്ന് മണിക്കൂർ വീതം രാവിലെയും വൈകുന്നേരവുമാണ് പുറത്തുനിന്നുള്ളവർക്ക് കളിക്കാൻ അവസരം. രണ്ട് സമയങ്ങളിലുമായി 430 പേർ കളിച്ചിരുന്ന സ്ഥലമാണ് ദിവസങ്ങളോളം പൊതുപരിപാടിക്ക് വിട്ടുകൊടുക്കുന്നത്.
കുട്ടികളുടെ ബാഡ്മിന്റൺ പരിശീലനമാണ് മറ്റൊന്ന്. രാവിലെയും വൈകീട്ടുമായി 50ഓളം കുട്ടികൾ പരിശീലനത്തിനുണ്ട്. സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (സായി) നിന്നുള്ള കോച്ചാണ് ബാഡ്മിന്റണിൽ പരിശീലനം നൽകുന്നത്. പൊതുപരിപാടി നടക്കുമ്പോൾ ഇവരുടെ കാര്യവും പ്രതിസന്ധിയിലാക്കുന്നു. കളി മുടങ്ങുന്നത് മാത്രമല്ല പ്രശ്നം.
ഇൻഡോർ സ്റ്റേഡിയത്തിന്റെ നിലത്ത് വിരിക്കുന്ന പരവതാനിയും ഇരുമ്പിന്റെ സ്റ്റേജുമെല്ലാം മാറ്റുമ്പോൾ അടുത്ത ദിവസം കളിക്കുന്നവർ വീണ് പരിക്കേൽക്കുന്നത് പതിവാണെന്നും പരിശീലകർ പറയുന്നു. സ്റ്റേഡിയത്തിനുണ്ടാകുന്ന കേടുപാടുകൾ വേറെയും.
ഇവിടെ കളിക്കാനും കളി പരിശീലനത്തിനും പണം കൊടുക്കുന്നുണ്ട്. കോർട്ടൊന്നിന് മാസത്തിൽ ഒരു മണിക്കൂർ വീതം ഒരു കോർട്ടിന് 4,700 രൂപ നൽകുന്നുണ്ട്. ഒമ്പത് കോർട്ടിനുമായി മാസം 28,200 രൂപയുടെ വരുമാനം. പക്ഷെ, അധികാരികൾക്ക് പ്രിയം പുറത്തുനിന്നുള്ളവർ സർക്കാറിൽ ടി.ആർ 5 ഫോം (ട്രഷറി റസിപ്റ്റ്-5) പ്രകാരം അടക്കുന്ന അയ്യായിരം രൂപയോടാണ്.
‘ദേശീയ ഗയിംസുമായി ബന്ധപ്പെട്ട് 1987ല്‍ തിരുവനന്തപുരത്ത് നിര്‍മിച്ച ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം കായികമേളകള്‍ സംഘടിപ്പിക്കുന്നതു കൂടാതെ കായിക പ്രേമികള്‍ക്കുള്ള നിത്യപരിശീലന കേന്ദ്രം കൂടിയാണ്’- ഇത് ഡയറക്ടറേറ്റ് ഓഫ് യൂത്ത് അഫയേഴ്സിന്റെ വെബ്സൈറ്റിൽ ഈ സ്റ്റേഡിയത്തെക്കുറിച്ച് എഴുതിയ വാക്കുകളാണ്.
എന്നാൽ പലദിവസവും പൊതുപരിപാടികൾക്ക് കൊടുക്കുന്നതിനാൽ ഉദ്ദേശിച്ച ലക്ഷ്യത്തിൽ എന്നെത്തുമെന്നാണ് കായിക പ്രേമികളുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.