തലസ്ഥാന നഗരത്തിലും ഇനി ജിയോ 5 ജി
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിലും ഇനി ഇന്റർനെറ്റിന് 5 ജി വേഗം. ജിയോ ആണ് തിരുവനന്തപുരം നഗരത്തിൽ 5ജി സേവനങ്ങൾക്ക് തുടക്കമിട്ടത്. വിമാനത്താവളം-കഴക്കൂട്ടം-ടെക്നോപാർക്ക്-നാലാഞ്ചിറ-നെടുമങ്ങാട്-നേമം പ്രദേശങ്ങളിൽ അതിർത്തിയായി പരിഗണിച്ച് ഇതിനുള്ളിൽ ഉൾപ്പെടുന്ന നഗരമേഖലകളിലെല്ലാം അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാകുമെന്ന് ജിയോ അധികൃതർ വ്യക്തമാക്കി.
സിറ്റിയിൽ 120 ടവറുകളാണ് 5ജിയിലേക്ക് മാറിയത്. 30 എണ്ണം കൂടി ഉടൻ 5ജി സാങ്കേതികവിദ്യയിലേക്ക് മാറും. 6000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ 5ജി നെറ്റ്വർക്കിനായി ജിയോ വിന്യസിച്ചത്.
4ജി നെറ്റ്വർക്കിനെ ആശ്രയിക്കാതെ, പ്രത്യേകം 5 ജി നെറ്റ്വർക്കാണ് വിന്യസിച്ചത്. ലൈവുകളും മറ്റും താമസം കൂടാതെ യഥാസമയം കാണാനുള്ള സൗകര്യം, ബഫറിങ് ഇല്ലായ്മ, മെഷീനിൽനിന്ന് മെഷീനിലേക്കുള്ള ആശയവിനിമയം, 5ജി വോയിസ് എന്നിവയാണ് അതിവേഗ ഇന്റർനെറ്റിന്റെ പ്രത്യേകത. ഡിസംബർ 20ന് ജിയോയുടെ 5ജി സേവനങ്ങൾ മുഖ്യമന്ത്രി കൊച്ചിയിലാണ് ഉദ്ഘാടനം ചെയ്തത്. ജനുവരിയിൽ തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കും.
ചെയ്യേണ്ടത് ഇത്രയും
വ്യാഴാഴ്ച മുതൽ നഗരത്തിലെ ജിയോ ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ സെക്കന്റിൽ ഒരു ജി.ബി വേഗത്തിൽ ഡാറ്റ ലഭിക്കുന്ന ‘വെൽക്കം ഓഫറി’ലേക്ക് ക്ഷണം ലഭിക്കുമെന്ന് ജിയോ അധികൃതർ വ്യക്തമാക്കി. 5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ സിം കാർഡുകൾ മാറ്റേണ്ടതില്ല.
5 ജി സപ്പോർട്ടുള്ള ഫോണുകളിൽ സേവനം ലഭ്യമാകും. ഫോണുകളിലേക്ക് മെസേജ് ആയാണ് വെൽക്കം ഓഫർ എത്തുക. ഇത് സ്വീകരിച്ചാൽ 5ജി വേഗത്തിലേക്ക് ഇന്റർനെറ്റ് മാറും. ഫോണിലെ സെറ്റിങ്സിൽ മൊബൈൽ നെറ്റ്വർക്ക് ഓപ്ഷനിലേക്ക് പോയി നെറ്റ്വർക്ക് ടൈപ്പിൽ ‘5ജി’ തെരഞ്ഞെടുക്കും.
സെക്കന്റിൽ ഒരു ജി.ബിയായാകും ഇനിമുതൽ ഇൻറർനെറ്റ് വേഗം. പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിന് മുകളിലുള്ള റീച്ചാർജോ ഉണ്ടാകണമെന്നതാണ് നിബന്ധന. 5 ജി ഉപയോഗിക്കുമ്പോൾ നിലവിലെ 4ജി താരിഫ് പ്രകാരമായിരിക്കും അക്കൗണ്ടിൽനിന്ന് ഡാറ്റ കുറയുക. 5 ജിക്ക് കേന്ദ്രം പ്രത്യേക താരിഫ് പ്രഖ്യാപിക്കാത്തതിനാലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.