വ്യാജ സമ്മതപത്രം നൽകി ജോലി തട്ടിയെടുക്കൽ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും
text_fieldsതിരുവനന്തപുരം: സിവിൽ സെപ്ലെസ് കോർപറേഷനിൽ അസിസ്റ്റൻറ് സെയിൽസ്മാൻ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽനിന്ന് പേര് നീക്കം ചെയ്യുന്നതിന് തെറ്റായ സത്യവാങ്മൂലം െവച്ച് അപേക്ഷ സമർപ്പിച്ചയാൾക്കെതിരെയും അതിന് കൂട്ടുനിന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ഉദ്യോഗാർഥിയുടെ പരാതിയിൽ പി.എസ്.സി വിജിലൻസ് പ്രാഥമികാന്വേഷണം നടത്തും. ഇവർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാനാണ് കമീഷൻ തീരുമാനം.
സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റൻറ് സെയിൽസ്മാൻ റാങ്ക്ലിസ്റ്റിൽ ജനറൽ വിഭാഗത്തിൽ 233ാം റാങ്കുള്ള പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂർ ചെറിയമുളയ്ക്കൽ എസ്. ശ്രീജയാണ് പി.എസ്.സിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്. തെൻറ പേരിൽ മറ്റൊരാൾ വ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുത്തതായാണ് ശ്രീജ പി.എസ്.സിക്ക് സമർപ്പിച്ച പരാതി. 2018 മേയ് 30ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിെൻറ കാലാവധി കഴിഞ്ഞമാസം നാലിന് അവസാനിച്ചിരുന്നു. റാങ്ക് ലിസ്റ്റിൽ 268ാം റാങ്ക് വരെയുള്ളവർക്കാണ് അഡ്വൈസ് മെമ്മോ അയച്ചത്. 41 വയസ്സായ ശ്രീജക്ക് ഇനി പി.എസ്.സി പരീക്ഷ എഴുതാനും അവസരമില്ല.
പി.എസ്.സിയുടെ പ്രാഥമിക പരിശോധനയിൽ സമാന പേരും ഇനിഷ്യലും ജനനതീയതിയുമുള്ള കൊല്ലം ജില്ലക്കാരിയായ സർക്കാർ ഉദ്യോഗസ്ഥയാണ് ഇത്തരത്തിലൊരു വ്യാജ സത്യവാങ്മൂലം പി.എസ്.സിക്ക് സമർപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിരവധി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട തനിക്ക് ഇത്തരമൊരു പിഴവ് മനസ്സിലായില്ലെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ പേപ്പറിൽ ഒപ്പിട്ട് നൽകുകയായിരുന്നെന്നുമാണ് കൊല്ലം ജില്ലക്കാരിയായ ഉദ്യോഗസ്ഥ പി.എസ്.സിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിൽ കമീഷൻ എത്തിയത്. റാങ്ക് ഹോൾഡേഴ്സ് എന്ന പേരിൽ ചിലരെങ്കിലും ഈ നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യുന്നത് അതിഗൗരവമുള്ള വിഷയമാണെന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീജക്ക് നിയമന ശിപാർശ നൽകാൻ തീരുമാനിച്ചതായും പി.എസ്.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.