മലിനജല സംസ്കരണത്തിന് ജൊക്കാസു പ്ലാന്റ്
text_fieldsതിരുവനന്തപുരം: മലിന ജലം ശുചീകരിക്കാൻ മുട്ടത്തറ സ്വീവേജ് പ്ലാന്റിനെ മാത്രം ആശ്രയിക്കേടണ്ട സാഹചര്യം ഇനി ഉണ്ടാകില്ല. കക്കൂസിൽ നിന്നും മറ്റുമുള്ള വെള്ളമുൾപ്പെടെ ശുചീകരിക്കാൻ ആധുനിക സംവിധാനം ഒരുക്കാൻ നഗരസഭയും ജലവിഭവ വകുപ്പും കൈകോർക്കുന്നു.
ജപ്പാൻ മാതൃകയിലുള്ള ജൊക്കാസു പ്ലാന്റ് സ്ഥാപിക്കാനുള്ള മുന്നൊരുക്കത്തിലാണ് അധികൃതർ. പ്രാരംഭമായി വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റിയുടെ ആസ്ഥാനത്താകും സ്ഥാപിക്കുക. ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ വ്യാപകമായ ഇത്തരം പ്ലാന്റുകളെ കുറിച്ച് പഠിക്കാൻ വാട്ടർ അതോറിട്ടി സെക്രട്ടറി ഡൽഹി സന്ദർശിക്കും.
ഏപ്രിലിൽ ചേർന്ന നദീ പുനരുജ്ജീവന യോഗത്തിൽ വാട്ടർ അതോറിറ്റി എം.ഡിയാണ് കോർപറേഷനുമായി ചേർന്ന് ജപ്പാൻ മോഡൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നകാര്യം അറിയിച്ചത്. വിവിധ വാർഡുകളിൽ നിന്നുള്ള മലിജലം സ്വീവേജ് പൈപ്പുകൾ വഴി മുട്ടത്തറയിലെത്തിച്ച് സംസ്കരിക്കുന്ന രീതിയാണ് നഗരത്തിൽ നിലവിലുള്ളത്.
ഇത് ചെലവേറിയതാണ്. മാത്രമല്ല പുനരുപയോഗത്തിന് ലഭ്യമാകുന്ന വെള്ളത്തിന്റെ അളവും കുറവാണ്. താരതമ്യേന ചെലവു കുറഞ്ഞ ജൊക്കാസുവിന് കൂടുതൽ ജലം ശുചീകരിച്ച് ഉപയോഗക്ഷമമാക്കാൻ സാധിക്കും. സെപറേഷൻ ബോക്സ്, സെഡിമെന്റേഷൻ ചേംബർ, അനെയ്റോബിക് ചേംബർ, മൂവിങ് ബെഡ് ചേംബർ, ഡിസ്ഇൻഫെക്ഷൻ ചേംബർ, ഇൻപുട്ട് സർക്കുലേഷൻ ലൈൻ എന്നിവയാണ് പ്ലാന്റിന്റെ പ്രധാന ഭാഗം.
സെഡിമെന്റേഷൻ ചേംബറിൽ ശേഖരിക്കുന്ന മലിനജലം ഖര, ദ്രവ മാലിന്യങ്ങളെ വേർതിരിക്കും. പിന്നീട് വായുകടക്കാത്ത ഫിൽറ്റർ ചേംബറിലൂടെ കടത്തിവിടുന്ന മലിനജലം മൂവിംഗ് ബെഡ് ചേംബറിലെത്തും. ഇവിടെ എയ്റോബിക് സംവിധാനത്തിന്റെ സഹായത്തോടെ മലിജലത്തെ സംസ്കരിക്കും. അതിനുശേഷം ക്ലോറിൻ അല്ലെങ്കിൽ അണുനാശിനികൾ അടങ്ങിയ ഡിസ്ഇൻഫെക്ഷൻ ചേംബറിലൂടെ കടത്തിവിട്ട് ജലം ശുദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.