സ്മാർട്ടാകാതെ ‘കെ-സ്മാർട്ട്’; ‘ബാലാരിഷ്ടത’ മാത്രമെന്ന് മേയർ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന ‘കെ-സ്മാർട്ട്’ പദ്ധതി സംബന്ധിച്ച് കോർപറേഷൻ കൗൺസിലിൽ ചർച്ച. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാറാണ് വിഷയമുന്നയിച്ചത്.
ജനുവരി ഒന്നു മുതൽ പദ്ധതിയും കെ-സ്മാർട്ട് മൊബൈൽ ആപ്പും നിലവിൽ വന്നെങ്കിലും, സേവനം ലഭിക്കാതെ ജനം വലയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, ഓൺലൈൻ സംവിധാനം ഇനിയും കാര്യക്ഷമമായിട്ടില്ല. ഓൺലൈനിന്റെ പേരിൽ ഓഫ്ലൈനായി ലഭിച്ചിരുന്ന സേവനങ്ങൾ പെട്ടെന്ന് നിർത്തിയതാണ് ദുരിതം കൂട്ടിയത്. കെ-സ്മാർട്ട് വന്നതോടെ കോർപറേഷനിൽ ഒരു സേവനവും ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പിയിലെ എം.ആർ. ഗോപൻ കുറ്റപ്പെടുത്തി. ജീവനക്കാർക്ക് പ്രത്യേക പരിശീലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ ചില പരിമിതികളുണ്ടാകുമെന്നും കെ-സ്മാർട്ടിനുള്ളത് തുടക്കത്തിലെ പ്രശ്നങ്ങൾ മാത്രമാണെന്നും മേയർ ആര്യാ രാജേന്ദ്രൻ മറുപടി നൽകി. ജീവനക്കാർക്ക് ഇതിനായി പരിശീലനം നൽകിയിരുന്നു. ജീവനക്കാരിൽ ഭൂരിപക്ഷത്തിനും കമ്പ്യൂട്ടർ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. കെ-സ്മാർട്ടുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പദ്ധതി നടത്തിപ്പിനായി നിയോഗിച്ചുള്ള ഐ.ടി ഉദ്യോഗസ്ഥരുടെ സേവനം കോർപറേഷനിലുണ്ട്.
വിഷയത്തിൽ കൗൺസിലർമാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ക്ലാസ് സംഘടിപ്പിക്കുമെന്നും മേയർ പറഞ്ഞു.ആറന്നൂരിൽ വനിതാ കൗൺസിലർക്ക് നേരെയുണ്ടായ അതിക്രമത്തിൽ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം കൗൺസിൽ പാസാക്കി. ഡി.ആർ. അനിലാണ് പ്രമേയം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.