മകനെ പീഡിപ്പിച്ചെന്ന പരാതി; വിശദമായ അന്വേഷണം വേണമെന്ന് മാതാവ്
text_fieldsതിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട മാതാവ്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം. കുട്ടിയെ തെറ്റുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവന്നിട്ടില്ല. തനിക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുമെന്ന് ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്.
കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ മോശം പെരുമാറ്റം നേരിട്ടു. ഭര്‍ത്താവും പൊലീസും മറ്റ് ചിലരും ചേര്‍ന്ന് കേസ് കെട്ടിച്ചമച്ചതാണ്. മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളക്കേസുണ്ടാക്കിയത്. കുട്ടിയെ വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്.ഐ പറഞ്ഞിരുന്നു. തെൻറ ഭർത്താവ് നിയമപരമായി വിവാഹബന്ധം മോചിപ്പിച്ചിട്ടില്ല. ഇപ്പോൾ ഭർത്താവിനൊപ്പം താമസിക്കുന്ന സ്ത്രീക്കും കുട്ടിയെക്കൊണ്ട് വ്യാജ പരാതി നൽകിയതിൽ പങ്കുണ്ട്. കോടതി കുറ്റമുക്തയാക്കുന്ന ഉത്തരവിനായി കാത്തിരിക്കുകയാണ്. കള്ളക്കേസുണ്ടാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ കടയ്ക്കാവൂർ വ്യാജ പോക്സോ കേസിൽ മാതാവിനെതിരെ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ലെന്ന പ്രത്യേകസംഘത്തിെൻറ അന്വേഷണ റിപ്പോർട്ടിെൻറ വിശദാംശങ്ങൾ പുറത്തുവന്നു. സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തിലെത്താൻ കഴിയില്ല. തുടരന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾ അവസാനിപ്പിക്കാൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ മാതാവിനെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധം തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ളമൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു മാതാവിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.