യുവാവിന്റെ കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsകടയ്ക്കൽ: തിരുവോണത്തലേന്ന് ചിതറ പെട്രോൾ പമ്പിന് മുന്നിൽ ദർപ്പക്കാട് ബൈജു മൻസിലിൻ ബൈജു (39-സെയ്ദലി) കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കടയ്ക്കൽ ആനപ്പാറ മണിയൻമുക്ക് റെയ്ഹാൻ മൻസിലിൽ നിഹാസ് (37), ആൽത്തറമൂട് ഷാഫി ഹൗസിൽ ഷാജഹാൻ (36) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നേരത്തേ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. തുടരന്വേഷണത്തിൽ കൊലപാതകത്തിൽ ഇവരുടെ പങ്ക് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
മഞ്ഞപ്പാറ പാവൂർ കല്ലുമല വീട്ടിൽ ഷെഹിൻ (37), സഹോദരൻ ഷാൻ (39) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കളായ നിഹാസ് മൂന്നാം പ്രതിയും ഷാജഹാൻ നാലാം പ്രതിയുമാണ്. ബൈജുവും ഷാനും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. നിഹാസ് ഇടനിലക്കാരനായിനിന്നാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തർക്കവും വഴക്കും നേരത്തേ പലതവണ നടന്നിരുന്നു.
തർക്കങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിക്കാമെന്ന് പറഞ്ഞ് സംഭവ ദിവസം പ്രതികൾ ബൈജുവിനെ കാറിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സീഡ് ഫാം ജങ്ഷൻ അഞ്ചുമുക്കിലുള്ള വർക്ക് ഷോപ്പിലെത്തി മദ്യപിച്ച ശേഷം ചിതറയിലുള്ള പെട്രോൾ പമ്പിലെത്തി.
കാറിൽ പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും പമ്പിൽനിന്നും കൊരുപ്പ് കട്ടയെടുത്ത് ബൈജുവിന്റെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിലെത്തിച്ചപ്പോഴേയ്ക്കും ബൈജു മരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട ഷെഹിനേയും ഷാനിനേയും അന്ന് ഏനാത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. നിഹാസ്, ഷാജഹാൻ എന്നിവരെ സംഭവ സ്ഥലത്ത് തന്നെ നാട്ടുകാർ തടഞ്ഞ് നിർത്തി ചിതറ പൊലീസിന് കൈമാറിയിരുന്നു.
ഇവരെ വിട്ടയച്ച നടപടിക്കെതിരെയും കൊലപാതകത്തിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ബൈജുവിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണച്ചുമതല കൊട്ടാരക്കര ഡിവൈ.എസ്.പി ഏൽപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.