വിവാഹ തലേന്ന് പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsകല്ലമ്പലം: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ പിതാവിനെ വിവാഹ തലേന്ന് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റകൃത്യത്തിനുശേഷം 84 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞു. കല്ലമ്പലം വടശ്ശേരിക്കോണം വലിയവിളാകം ശ്രീലക്ഷ്മി വീട്ടിൽ രാജു (61)വിനെ മൺവെട്ടി കൊണ്ട് വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയും ഭാര്യ ജയ, മകൾ ശ്രീലക്ഷ്മി, സഹോദരീഭർത്താവ് ദേവദത്തൻ, സഹോദരിയുടെ മകൾ ഗുരുപ്രിയ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതികളായ വടശ്ശേരിക്കോണം വലിയവിളാകം ജെ.ജെ പാലസിൽ ജിജിൻ (25), സഹോദരൻ ചിക്കു എന്നു വിളിക്കുന്ന ജിഷ്ണു (26), വടശ്ശേരിക്കോണം മനു ഭവനിൽ മനു (26), വടശ്ശേരിക്കോണം കെ.എസ്. നന്ദനത്തിൽ ശ്യാംകുമാർ (26) എന്നിവർക്കെതിരെയാണ് ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ടാംപ്രതിയായ ജിഷ്ണു രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രാജുവിനെ സമീപിച്ചെങ്കിലും രാജു വിവാഹം നടത്താൻ തയാറാകാതെ മറ്റൊരു വിവാഹം ഉറപ്പിച്ചു.
ഇതിലുള്ള വിരോധംകാരണം വിവാഹ തലേന്ന് രാത്രി റിസപ്ഷൻ കഴിഞ്ഞ ആളൊഴിഞ്ഞ സമയത്ത് പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി കൊല നടത്തിയത്. പ്രതികൾ ഗൂഢാലോചന നടത്തിയതിനും സ്ത്രീകളെ ഉപദ്രവിച്ചതിനും കൂടുതലായി വകുപ്പുകൾ ചേർത്തിട്ടുണ്ട്. 12 റെക്കാഡുകളും 42 തൊണ്ടിമുതലുകളും 66 സാക്ഷികളും ഉൾപ്പെട്ട കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ വർക്കല വർക്കല എ.എസ്.പി വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ വി.കെ. വിജയരാഘവനാണ് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിപു, എസ്.ഐ സനിൽകുമാർ, പൊലീസുകാരായ സുലാൽ, അനിൽകുമാർ, അസിം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.