ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി പശുക്കൾക്ക് വീണ്ടും ചർമ്മ മുഴ
text_fieldsകല്ലമ്പലം: മേഖലയിൽ വിവിധ സ്ഥലങ്ങളിൽ കന്നുകാലികൾക്ക് ചർമ മുഴ വ്യാപകമാകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മുൻ വർഷം കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയ രോഗമാണ് ചർമ്മ മുഴ. ഏതാനും മാസങ്ങളായി കാലികളിൽ വീണ്ടും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കറവ പശുവിലാണ് രോഗം വരുന്നതെങ്കിൽ പെട്ടെന്നുതന്നെ പാൽ ഉൽപാദനവും, പ്രത്യുൽപാദനശേഷിയും കുറയും. നാലുമുതൽ രണ്ടാഴ്ച വരെയാണ് രോഗാരംഭകാലം. ഉയർന്ന പനി, ആഹാരം കഴിക്കാതിരിക്കുക, കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊലിക്കുക, വായിൽ നിന്ന് ഉമിനീര് പതഞ്ഞൊലിക്കുക എന്നിവയാണ് ആദ്യ ലക്ഷണം. 48 മണിക്കൂറിനുള്ളിൽ തൊലിപ്പുറത്ത് പല ഭാഗങ്ങളിൽ രണ്ടു മുതൽ നാല് സെന്റിമീറ്റർ വരെ വലുപ്പമുള്ള വൃത്താകൃതിയിലുള്ള കട്ടിയുള്ള മുഴകൾ ഉണ്ടാകും.
രോഗത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് മുഴകൾ ശരീരം മുഴുവൻ വ്യാപിക്കും. വലിയ മുഴകൾ പൊട്ടി വ്രണങ്ങളാവുകയും ചെയ്യും. നാവായിക്കുളം, കരവാരം മേഖലയിൽ അസുഖം തീവ്രമല്ലെങ്കിലും കർഷകർ ആശങ്കയിലാണ്. കാലികളുടെ ദേഹമാസകലം മുഴകൾ വരുന്ന രോഗമാണിതെങ്കിലും ഇവിടെ കണ്ടുവരുന്നത് രണ്ടും മൂന്നും മുഴകൾ വന്ന് പൊട്ടി ഒലിച്ച് വളരെ വേഗം ഭേദമാകുന്ന രീതിയാണ്. തുടക്കത്തിലെ ചികിത്സ ലഭ്യമാകുന്നതുകൊണ്ടാകാം ഇതെന്ന് ഡോക്ടർമാരുടെ വിലയിരുത്തൽ. മുൻ വർഷം വാക്സിനേഷൻ നടത്തിയതും രോഗ ബാധയെ തടഞ്ഞു നിർത്തുവാൻ സഹായിച്ചിട്ടുണ്ട്.
വായിലും അന്നനാളത്തിലും ശ്വസനനാളിയിലും വരെ മുഴകൾ ഉണ്ടാകാറുണ്ട്. ഇത് ശ്വാസതടസ്സം ന്യുമോണിയ, തീറ്റ കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ സൃഷ്ടിക്കും. രോഗമുള്ള മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ചു ചികിത്സയും പരിചരണവും നൽകുന്നത് രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം പൂർണമായും തടയേണ്ടതാണ്. വ്രണങ്ങൾ ഉണങ്ങാൻ ദിവസങ്ങൾ വേണ്ടിവരും. കർഷകരിൽ പലർക്കും ഈ രോഗത്തെക്കുറിച്ച് അറിയില്ല. ബോധവത്കരണവും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.