ഇടമൺനില ഏലായിൽ വ്യാപക വയൽനികത്തൽ പരാതിയിലും നടപടിയില്ല
text_fieldsകല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടമൺനില ഏലായിൽ വ്യാപകവയൽ നികത്തൽ. പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപം. രാത്രികാലങ്ങളിലും ഒഴിവുദിവസങ്ങളിലുമാണ് നികത്തൽ. ടിപ്പറുകളിൽ ദിവസവും നൂറുകണക്കിന് ലോഡ് കെട്ടിടാവശിഷ്ടവും കരമണ്ണും എത്തിച്ച് ജെ.സി.ബി ഉപയോഗിച്ചാണ് നികത്തൽ. ഇതിനകം പാടശേഖരത്തിൽ വലിയൊരു ഭാഗം നികത്തി കരഭൂമിയാക്കിക്കഴിഞ്ഞു.
ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളുമായി അതിർത്തി പങ്കിടുന്ന ഇടൺനില ഏലയിൽ 50 ഏക്കറോളം നെൽവയലുണ്ട്. അതിൽ നാലിലൊന്നിൽ മാത്രമാണ് നെൽകൃഷി. തരിശായ വയലുകൾ രാഷ്ട്രീയസ്വാധീനമുള്ള സർക്കാർ ജീവനക്കാരൻ കുറഞ്ഞ വിലക്ക് വാങ്ങിയാണ് ഘട്ടം ഘട്ടമായി നികത്തുന്നത്. ഇയാൾ രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് സർക്കാർ ഇടപെടലുകളെല്ലാം തടഞ്ഞിരിക്കുകയാണ്.
ഒരേക്കറിലധികം വയലുകൾ ഇതുവരെ നികത്തി. കൂടുതൽ ഭാഗം നികത്തുന്നതിന് അതിർത്തി പാറയും കോൺക്രീറ്റും കെട്ടി തിരിച്ചിട്ടുണ്ട്. സമീപത്ത് കൃഷി ചെയ്യുന്ന വയലുടമകൾ ഇത് റവന്യൂ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും തടഞ്ഞില്ലെന്ന് കർഷകർ പറയുന്നു. നാവായിക്കുളം കൃഷി ഓഫിസിലും വില്ലേജിലും നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയും സ്വീകരിച്ചിട്ടില്ല.
താലൂക്ക്-വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് വയൽനികത്തലെന്ന് നാട്ടുകാർ ആരോപിച്ചു. നികത്തൽ ആരംഭിച്ചപ്പോൾ പ്രദേശത്ത് സി.പി.എം പ്രവർത്തകർ എത്തി കൊടികുത്തിയിരുന്നു. എന്നാൽ പിറ്റേന്ന് കൊടി എടുത്തുകളഞ്ഞ് നികത്തൽ തുടർന്നു.
ഇടമൺനില ഏലായിൽ മുൻകാലങ്ങളിൽ വയലും നീർച്ചാലും മണ്ണിട്ട് നികത്തിയത് ചെറിയ മഴയിൽ പോലും കരപ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി വ്യാപക കൃഷിനാശത്തിന് കാരണമാകുന്നു. നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.