മരത്തിൽനിന്ന് വീണ് നടുവൊടിഞ്ഞ ഗൃഹനാഥൻ ചികിത്സക്ക് വകയില്ലാതെ ദുരിതത്തിൽ
text_fieldsകല്ലമ്പലം: മരത്തിൽനിന്ന് വീണ് നടുവൊടിയുകയും ചലനശേഷി നഷ്ടപെട്ട് കിടപ്പിലാകുകയും ചെയ്ത ഗൃഹനാഥൻ ചികിത്സ ചിലവിനും നിത്യവൃത്തിക്കും വകയില്ലാതെ ദുരിതത്തിൽ. നാവായിക്കുളം പറകുന്ന് ജെ.എസ്.നിവാസിൽ ജയനും (50) കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്.
തെങ്ങ് കയറ്റം, മരം മുറിക്കൽ എന്നീ തൊഴിലുകൾ ചെയ്താണ് ജയൻ കുടുംബം പോറ്റിയിരുന്നത്. ആറുമാസംമുമ്പ് മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ചവിട്ടിനിന്ന ചില്ല ഒടിഞ്ഞുവീണു. നടുവിടിച്ച് തറയിൽ വീഴുകയും നട്ടെല്ല് ഒടിയുകയും ഞരമ്പുകൾ പൊട്ടുകയും ചെയ്തു. ഇതോടെ അരക്ക് താഴെ പൂർണമായും ചലനശേഷി നഷ്ടപ്പട്ടു. വീൽചെയറിൽ ഇരുത്തണമെങ്കിൽ മൂന്നുപേരുടെയെങ്കിലും സഹായം വേണം.
ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ടുകുട്ടികളും ഉൾപ്പെടുന്നതാണ് ജയന്റെ കുടുംബം. ഭാര്യ നേരത്തെ കശുവണ്ടി ഫാക്ടറിയിൽ ജോലിക്കുപോയിരുന്നു. ജയൻ കിടപ്പിലായതോടെ സഹായത്തിന് കൂടെ നിൽക്കേണ്ട അവസ്ഥവന്നു. അതിനാൽ ഇവർക്കും ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ വിഭാഗത്തിന് കീഴിലാണ് ചികിത്സ. ഞരമ്പുകൾ സംയോജിപ്പിച്ച് ചലനശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ചികിത്സക സംഘം. ആശുപത്രിയിലേക്കുള്ള യാത്രാചെലവും മരുന്നുകളും ഫിസിയോ തെറപ്പിയും ഉൾപെടെ പ്രതിമാസം 15000 രൂപയോളം ചെലവുണ്ട്.
വീട്ടുചെലവ് ഇതിന് പുറമെ കണ്ടെത്തണം. നാട്ടുകാരുടെ സഹായം പ്രതീക്ഷിച്ച് ഫെഡറൽ ബാങ്കിന്റെ കല്ലമ്പലം ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 17340100043273, ഐ.എഫ്.എസ്.സി കോഡ്: FDRL 0001734. ഫോൺ: 7736572075.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.