കുട്ടിക്കാനം അപകടം; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു
text_fieldsകല്ലമ്പലം: കുട്ടിക്കാനം വാഹനാപകടത്തിൽ പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. മരണപ്പെട്ടവരുടെ മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
കടമ്പാട്ടുകോണം വെട്ടിയറ വിളയിൽവീട്ടിൽ ഭദ്ര (18), മാതൃസഹോദരി സിന്ധു (45) എന്നിവരുടെ മൃതദേഹമാണ് രാത്രിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചത്. അപകടത്തിൽപെട്ട വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട ഭദ്രയുടെ മാതാവ് മഞ്ജു, മഞ്ജുവിന്റെ രണ്ടാമത്തെ മകൾ ഭാഗ്യ, മരണപ്പെട്ട സിന്ധുവിന്റെ മകൻ ആദിദേവ് എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്.
മൂന്നുപേരെയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി. കാർ ഓടിച്ചിരുന്ന മഞ്ജുവിന്റെ ഭർത്താവ് ഷിബു(51) വിന്റെ പരിക്ക് ഗുരുതരമല്ല. ചികിത്സയിലുള്ളവർ ബന്ധുക്കളുടെ മരണവിവരം അറിഞ്ഞിട്ടില്ല.
വ്യാഴാഴ്ച ഉച്ചയോടെ കുട്ടിക്കാനം പുല്ലുപാറക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞ കാർ പൂർണമായും തകർന്നിരുന്നു. വിനോദയാത്രക്കിടെ വാഗമണിൽനിന്ന് മടങ്ങവേയാണ് അപകടം. വിദേശത്തായിരുന്ന ഷിബു മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മടങ്ങും മുമ്പ് വിനോദയാത്രക്ക് തീരുമാനിക്കുകയായിരുന്നു.
പ്ലസ് ടു വിദ്യാർഥിനിയായ ഭദ്ര എഴിപ്പുറം എച്ച്.എസ്.എസിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായിരുന്നു. ഫലം വന്നപ്പോൾ രണ്ട് എ പ്ലസും രണ്ട് എയും അടക്കം മികച്ച വിജയം നേടി. അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.