ലോൺ തട്ടിപ്പ്: ബി.ജെ.പി നേതാവിന്റെ വീട്ടിലേക്ക് സി.പി.എം മാർച്ച്
text_fieldsകല്ലമ്പലം: സഹകരണ സംഘത്തിന്റെ മറവിലെ ലോൺ തട്ടിപ്പ് കേസിൽ ബി.ജെ.പി നേതാവിന്റെ വീട്ടിലേക്ക് സി.പി.എം നേതൃത്വത്തിൽ തട്ടിപ്പിന് ഇരയായവരുടെ മാർച്ച്.
കുടുംബശ്രീക്ക് ബദൽ എന്ന പേരിൽ വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് അക്ഷയശ്രീ എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ച് സഹകരണ ബാങ്കിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ട്രസ്റ്റ് ചെയർമാനും ബി.ജെ.പി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്റെ പ്രസിഡന്റുമായിരുന്ന കരവാരം തോട്ടയ്ക്കാട് ശിവശങ്കരക്കുറുപ്പിന്റെ വസതിയിലേക്കാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
അക്ഷയശ്രീയിൽ അംഗങ്ങളായ 44 വനിതകളുടെ പേരിൽ 25 ലക്ഷത്തോളം രൂപയാണ് ആലംകോട് സമീപമുള്ള ബി.ജെ.പി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽനിന്ന് വായ്പയായി നൽകി പ്രതികളുടെ സ്വകാര്യ ട്രസ്റ്റിലേക്ക് മാറ്റിയത്.
സംഘം പ്രസിഡന്റും ട്രസ്റ്റ് ചെയർമാനുമായ ശിവശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിൽ ഗോശാല തുടങ്ങുമെന്നും അക്ഷയശ്രീ അംഗങ്ങളായ വനിതകൾക്കും അവരുടെ മക്കൾക്കും വിവിധ തസ്തികകളിൽ നിയമനം നൽകാമെന്നും പറഞ്ഞാണ് നഗരൂർ പഞ്ചായത്തിലെ ആർ.എസ്.എസ് അശോകൻ എന്ന അശോകനും ശിവശങ്കരക്കുറുപ്പും ചേർന്ന് തട്ടിപ്പു നടത്തിയതെന്ന് സി.പി.എം ആരോപിക്കുന്നു.
പണം നഷ്ടപ്പെട്ട അക്ഷയശ്രീ അംഗങ്ങൾക്ക് പണം മടക്കി നൽകാൻ പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചും ധർണയും സി.പി.എം ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എം. റഫീഖ് അധ്യക്ഷതവഹിച്ചു. മടവൂർ അനിൽ, തട്ടത്തുമല ജയചന്ദ്രൻ, എം.കെ. രാധാകൃഷ്ണൻ, രജിത്ത് നഗരൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.