കെ- റെയിൽ കല്ലിടൽ കോട്ടറക്കോണത്ത് നാട്ടുകാർ തടഞ്ഞു
text_fieldsകല്ലമ്പലം: കെ- റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കോട്ടറക്കോണത്ത് നാട്ടുകാർ തടഞ്ഞു. ഒടുവിൽ കല്ലിടൽ ഇന്ന് വൈകീട്ട് നാലിന് പൊലീസ് സ്റ്റേഷനിൽ നാട്ടുകാരും ജനപ്രതിനിധികളുമായും നടക്കുന്ന ചർച്ചകൾക്ക് ശേഷം തുടരാൻ തീരുമാനിച്ചു.
തിങ്കളാഴ്ച പുതുശ്ശേരിമുക്കിലും മരുതിക്കുന്നിലും നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുകയും കല്ലിടൽ തടയുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിഷേധങ്ങൾക്കിടയിലും മൂന്ന് കിലോമീറ്ററോളം കല്ലിടൽ ജോലികൾ പൂർത്തിയാക്കിയിരുന്നു.
ഇന്നലെ കോട്ടറക്കോണം കപ്പാംവിള ഭാഗത്തേയ്ക്ക് കടക്കുന്നതിനിടയിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്. സ്ഥലം ഏറ്റെടുക്കാൻ കഴിയില്ലെന്നും നഷ്ടപരിഹാരം സംബന്ധിച്ച യാതൊരു ഉറപ്പും വ്യക്തതയും അധികൃതരിൽനിന്ന് കിട്ടിയിട്ടില്ലെന്നും അതിക്രമിച്ച് വസ്തുവിൽ കയറി കല്ലിടൽ അനുവദിക്കില്ലെന്നുമുള്ള നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. സ്വന്തം വസ്തുവിൽ യാതൊരു മുന്നറിയിപ്പും കൂടാതെ സ്ഥലം ഏറ്റെടുക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും പുനരധിവാസം സംബന്ധിച്ച് വ്യക്തത വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം മാത്രമേ കല്ലിടാൻ കഴിയൂവെന്ന നിലപാടിൽ ഉറച്ച് സ്ത്രീകളും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി. വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകരും സമരത്തിന് അനുകൂലമായതോടെ ഉദ്യോഗസ്ഥർക്ക് പിന്തിരിയേണ്ടിവന്നു. വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും രണ്ട് മണിക്കൂറോളം പൊലീസ് സംസാരിച്ചിട്ടും നാട്ടുകാർ വഴങ്ങിയില്ല.
ഒടുവിൽ സ്ഥലം എം.പി, എം.എൽ.എ, മറ്റ് രാഷ്ട്രീയ കക്ഷികൾ, നാട്ടുകാർ, പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ അധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് നാലിന് കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തി ഭൂമി നഷ്ടമാകുന്നവരുടെ ആശങ്കകൾ പരിഹരിക്കാൻ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.