കൊലപാതകങ്ങളും ആത്മഹത്യയും; നടുക്കം മാറാതെ മുള്ളറംകോട്
text_fieldsകല്ലമ്പലം: അടുത്തടുത്ത വീടുകളിലായി മൂന്നുപേരുടെ മരണത്തിൽ നടുക്കം വിട്ടുമാറാതെ നാട്. കല്ലമ്പലത്തിന് സമീപം മുള്ളറംകോട് മദ്യപിച്ചുണ്ടായ തർക്കങ്ങളാണ് സുഹൃത്തുക്കളായ രണ്ടുപേരുടെ കൊലപാതകത്തിലും ഒരാൾ ആത്മഹത്യ ചെയ്യുന്നതിലേക്കും നയിച്ചത്.
മരിച്ച മൂന്നുപേരും ഒരു വീട്ടിൽ ഒത്തുകൂടുകയും മദ്യപിക്കാറുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പലപ്പോഴും വാക്കുതർക്കവും മറ്റുമുണ്ടാകാറുണ്ടെങ്കിലും ഇത് കൊലപാതകത്തിൽ കലാശിക്കുമെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കാകുന്നില്ല.
കൊല്ലപ്പെട്ട പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥനായ അജികുമാറിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മദ്യസൽക്കാരം നടന്നത്. രാത്രി വളരെ വൈകി പിരിഞ്ഞ സംഘത്തിലെ ബിനുരാജ് തിരികെയെത്തി ഞായറാഴ്ച രാത്രിയെപ്പോഴോ ആകാം അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അജികുമാറിന്റെ കൊല ചർച്ചയായതാണ് അജിത്തിന്റെ കൊലയിലേക്കും നയിച്ചത്.
വിദേശത്തായിരുന്ന ബിനുരാജ് മുള്ളറംകോട് പ്രസിഡന്റ് മുക്കിൽ ജിംനേഷ്യം നടത്തിവരികയായിരുന്നു. അജികുമാർ വിവാഹമോചിതനും വീട്ടിൽ ഒറ്റക്ക് താമസിക്കുന്നയാളുമാണ്. മൂന്ന് മരണങ്ങളെതുടർന്ന് മുള്ളറംകോട് പ്രദേശമാകെ ശോകമൂകമായ അന്തരീക്ഷത്തിലാണ്. അജികുമാറിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാലോടെയും അജിത്തിന്റെയും ബിനുരാജിന്റെയും മൃതദേഹങ്ങൾ ബുധനാഴ്ച ആറോടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു.
കൊലപാതകങ്ങളിലേക്ക് നയിച്ചത് മുൻ വൈരാഗ്യം
കല്ലമ്പലം: മുള്ളറംകോട്ട് രണ്ടുപേരുടെ കൊലപാതകത്തിലും ഒരാളുടെ ആത്മഹത്യയിലേക്കും നയിച്ചത് മുൻവൈരാഗ്യമെന്ന് പൊലീസ്. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരമാണ് വാക്കേറ്റത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്. മദ്യസൽക്കാരം നടന്ന വീടിന്റെ ഉടമ അജികുമാറിനെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. അജികുമാറിന്റെ മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.
അജികുമാറിനെ കൊല്ലുമെന്ന് സുഹൃത്ത് ബിനുരാജ് പലരോടും പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് മുഖ്യപ്രതി ബിനുരാജാണെന്ന നിഗമനത്തിൽ പൊലീസ് എത്താൻ കാരണം. അജിത്തിന്റെ കൊലപാതകത്തിന് പിന്നിലും പൂർവവൈരാഗ്യമാണുള്ളത്. പിക്അപ് ഡ്രൈവർ കടുവയിൽ സ്വദേശി സജീവിന് അജികുമാറിന്റെ കൊലപാതകത്തിൽ പങ്കുള്ളതായും ഈ വിവരം പുറത്ത് പറയുമെന്നും സംഘത്തിലുണ്ടായിരുന്ന അജിത്ത്, പ്രമോദ് എന്നിവർ മദ്യപാനത്തിനിടെ പറഞ്ഞിരുന്നു. ഇതിനെതുടർന്ന് മദ്യപസംഘത്തിലുള്ളവർ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി.
ഇതാണ് അജിത്ത് കൊല്ലപ്പെടാനുണ്ടായ കാരണം. സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ബിനുരാജിന്റെ വീട്ടിലും ജിംനേഷ്യത്തിലും അജികുമാറിന്റെ വീട്ടിലും പൊലീസ് തെളിവെടുപ്പു നടത്തി. വർക്കല ഡിവൈ.എസ്.പി നിയാസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് അന്വേഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.