നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം വരുന്നു
text_fieldsകല്ലമ്പലം: 37 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറിക്ക് സ്വന്തം കെട്ടിടം വരുന്നു. നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറി കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് നടക്കും.
1970ൽ പ്രവർത്തനമാരംഭിച്ച ഇ.എസ്.ഐ ഡിസ്പെൻസറി അന്നുമുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. കെട്ടിടം നിർമിക്കുന്നതിനുവേണ്ടി 1985 ലാണ് രണ്ടേക്കറോളം ഭൂമി ഏറ്റെടുത്തത്. എന്നാൽ ഇതുവരെയും കെട്ടിടം നിർമാണം തുടങ്ങുന്നതിന് കഴിഞ്ഞില്ല. 1985ൽ ഭൂമി ഏറ്റെടുത്ത് 27 വർഷങ്ങൾക്കുശേഷം 2012ലാണ് കെട്ടിട നിർമാണത്തിന് തറക്കല്ലിട്ടത്. എന്നാൽ അന്നത്തെ കെട്ടിട നിർമാണം ഉദ്ഘാടനത്തിലൊതുങ്ങി.
കശുവണ്ടിത്തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന നാവായികുളം, മടവൂർ, പള്ളിക്കൽ, കരവാരം, ചെമ്മരുതി അഞ്ച് പഞ്ചായത്തുകളിലെ തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്നതാണ് ഡിസ്പെൻസറി. 2012ൽ അനുവദിച്ച നാല് കോടി രൂപ വീണ്ടും അനുവദിക്കണമെന്നും ആശുപത്രിയായി ഉയർത്തണമെന്നും അടൂർ പ്രകാശ് എം.പി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇ.എസ്.ഐ നിയമം നോക്കിയാൽ ആശുപത്രിയായി ഉയർത്താനാകില്ല എന്ന മറുപടിയാണ് ചീഫ് എൻജിനീയറിൽനിന്ന് ലഭിച്ചത്. കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു. 50245596 രൂപയാണ് അനുവദിച്ചത്.
കെട്ടിട നിർമാണത്തിന് ചുമതലപ്പെട്ട കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 50 ശതമാനം മുൻകൂർ തുക ലഭ്യമാക്കിയില്ലെന്ന കാരണത്താൽ ഇതിൽ നിന്നും പിന്നാക്കംപോയത് വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എം.പിയുടെ ഇടപെടലിന്‍റെ ഫലമായി മുൻകൂർ തുക ലഭ്യമാക്കി. ഇതോടെയാണ് നിർമാണ ഘട്ടത്തിലേക്ക് കടന്നത്.
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത്, ഇ.എസ്.ഐ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം തുടങ്ങി പൂർത്തിയാക്കുമെന്നത് നാവായിക്കുളം പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് അടൂർ പ്രകാശ് എം.പി വാഗ്ദാനം നൽകിയിരുന്നു.
ഈ വാഗ്ദാനം ഇവിടെ നിറവേറ്റപ്പെടുകയാണെന്ന് അടൂർ പ്രകാശ് എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. എം.എം. താഹ, കുടവൂർ നിസാം, എം.ജെ. ആനന്ദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.