നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആക്രമണ കേസ്; പ്രതികളെ പിടികൂടാനാകാതെ പൊലീസ്
text_fieldsകല്ലമ്പലം: നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ ആക്രമണ കേസിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. വർക്കല മണ്ഡലത്തിലെ മികച്ച സ്കൂളുകളിലൊന്നാണിത്.
ഉത്സവത്തിന്റെ മറവിൽ നാവായിക്കുളം സ്കൂൾ ആക്രമിച്ച പ്രതികളെ ഇനിയും പിടികൂടാത്തതിൽ പ്രതിഷേധം വ്യാപകമാണ്. സ്കൂളിന്റെ ജനൽച്ചില്ലുകളും ഓടുകളും യൂറിനറി ക്ലോസറ്റുകളും മറ്റ് ഉപകരണങ്ങളും തകർത്ത് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവം നാടിനെയും അധികൃതരെയും ഞെട്ടിച്ചിരുന്നു. ലഹരിക്ക് അടിപ്പെട്ട സാമൂഹികവിരുദ്ധ സംഘമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.
മന്ത്രിയുൾപ്പെടെ പല നേതാക്കളും സ്കൂൾ സന്ദർശിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയെങ്കിലും സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലും ചില ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
പ്രായപൂർത്തിയാകാത്ത അഞ്ചോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചെന്നും അവർ പൊലീസ് നിരീക്ഷണത്തിലാണെന്നും അധികം വൈകാതെ പ്രതികൾ പിടിയിലാകുമെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ നിരവധി പേരെ സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വിജയ ശതമാനത്തിലും മുന്നിലുള്ള ഈ സ്കൂളിൽ 2000 ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ഥ സമരവുമായി കഴിഞ്ഞദിവസം ബി.ജെ.പി രംഗത്ത് വന്നിരുന്നു. ആർ.എസ്.പി യും സമരം പ്രഖ്യാപിച്ചു. കോൺഗ്രസ് ഉൾെപ്പടെയുള്ള ഇതര പ്രതിപക്ഷ കക്ഷികളും സമരം തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥി സംഘടനകളും വരുംദിവസങ്ങളിൽ സമരരംഗത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.