അഭിനയ മികവിന് അംഗീകാരം; നിരഞ്ജന് അഭിനന്ദന പ്രവാഹം
text_fieldsകല്ലമ്പലം: കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച് ഇല്ലായ്മയുടെ നടുവിൽനിന്ന് വെള്ളിത്തിരയിൽ അഭിനയത്തികവ് തെളിയിച്ച് സംസ്ഥാന പുരസ്കാരം നേടിയ നിരഞ്ജന് നാടിെൻറ അഭിനന്ദനപ്രവാഹം. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'കാസിമിെൻറ കടൽ' എന്ന ചിത്രത്തിൽ ബിലാൽ എന്ന ബാലെൻറ വേഷം അഭിനയിച്ചാണ് മികച്ച ബാലനടനുള്ള പുരസ്കാരം നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറ എന്ന കൊച്ചുഗ്രാമത്തിലേക്ക് എസ്. നിരഞ്ജൻ എത്തിച്ചത്.
വെട്ടിയറ ആർ.എസ് ലാൻഡിൽ കെട്ടിടനിർമാണ തൊഴിലാളി എസ്. സുമേഷിെൻറയും കശുവണ്ടി ഫാക്ടറി തൊഴിലാളി സുജയുടെയും മകനായ നിരഞ്ജൻ നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിഭാഗം വിദ്യാർഥിയാണ്. കുട്ടിക്കാലം മുതൽ ഫുട്ബാളിലും അഭിനയത്തിലുമായിരുന്നു കമ്പം. നിരവധി നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അഭിനയത്തിനൊപ്പം മികച്ച ഫുട്ബാളറുമാണ്. സുജിത്ത് വിഘ്നേശ്വർ സംവിധാനം ചെയ്ത 'രമേശൻ ഒരു പേരല്ല' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. 'കാസിമിെൻറ കടൽ' എന്ന രണ്ടാമത്തെ ചിത്രത്തിൽ മികച്ച അഭിനയം കഴ്ചവെച്ചു.
യത്തീംഖാനയിൽ വളരുന്ന ബിലാൽ എന്ന അനാഥ ബാലനായാണ് അഭിനയിച്ചത്. പള്ളിക്കൂടത്തിൽവെച്ച് കാസിം എന്ന ബാലനുമായി സൗഹൃദത്തിലാകുന്നതും പിന്നീട് ഈ സുഹൃത്തുക്കൾ നാട് കാണാനിറങ്ങുന്നതുമാണ് പ്രമേയം. ചിത്രത്തിലെ അഭിനയത്തിന് മികച്ച ജൂറി പ്രശംസയാണ് നിരഞ്ജൻ നേടിയത്.
വെട്ടിയറ 'ചിന്ത' ഗ്രന്ഥശാലയുടെ പ്രവർത്തകർക്കും ഇത് അഭിമാന മുഹൂർത്തമായി. നിരഞ്ജനെ അഭിനയമേഖലയിലേക്ക് കൈപിടിച്ച് എത്തിച്ചത് ഗ്രന്ഥശാലാപ്രവർത്തകരാണ്. ഓൺലൈൻ ക്ലാസ് സമയത്ത് നിരഞ്ജന് പഠനസൗകര്യം ഇല്ലാത്തതിനാൽ ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിലാണ് മൊബൈൽ ഫോൺ വാങ്ങി നൽകിയത്. അടുത്തിടെ വിട്ടുപിരിഞ്ഞ മുത്തശ്ശിയും നിരഞ്ജന് വലിയ പ്രോത്സാഹനം നൽകിയിരുന്നു. തനിക്ക് ലഭിച്ച പുരസ്കാരം നാടിന് സമർപ്പിക്കുകയാണെന്ന് നിരഞ്ജൻ പറഞ്ഞു. നിരഞ്ജന് എല്ലാ സഹായവും നൽകാനുള്ള ഇടപെടൽ ഉണ്ടാകുമെന്ന് അഭിനന്ദനവുമായി എത്തിയ വി. ജോയി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.