കല്ലമ്പലത്ത് ഭക്ഷണശാലകളിൽ റെയ്ഡ്; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsകല്ലമ്പലം: നാവായിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ കല്ലമ്പലം മേഖലയിലെ ഭക്ഷണശാലകളിൽ റെയ്ഡ് നടത്തി. ചൊവ്വാഴ്ച പുലർച്ച ഏഴിന് ആരംഭിച്ച പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തി. ആലിൻമൂട്ടിൽ പ്രവർത്തിക്കുന്ന അലിഫ് ഹോട്ടലിന് പ്രവർത്തനം നിർത്തിെവക്കാനും ശുചിത്വമാനദണ്ഡങ്ങൾ ഉറപ്പാക്കാനും നിർദേശിച്ചു.
ഹോട്ടൽ മട്ടുപ്പാവിൽ, ഫാമിലി തട്ടുകട, കെ.എസ് ഹോട്ടൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലും വീഴ്ചകൾ കണ്ടെത്തി നോട്ടീസ് നൽകി. പല ഭക്ഷണശാലകൾക്കും പഞ്ചായത്ത് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി.
ഹെൽത്ത് കാർഡിന് ആവശ്യമായ പരിശോധനകൾ നടത്താതെയാണ് മിക്ക ഹോട്ടൽ ജീവനക്കാരും ഹെൽത്ത് കാർഡ് സമ്പാദിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അനധികൃതമായി ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ഹെൽത്ത് കാർഡുകൾ ഉപയോഗിക്കുന്ന ജീവനക്കാരെ ജോലിയിൽനിന്ന് ഒഴിവാക്കണമെന്ന് ഹോട്ടൽ ഉടമകളോട് മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടു.
മെഡിക്കൽ ഓഫിസർ ഡോ. സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷാ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റാഫി, വിജീഷ്, രാകേഷ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.