നാവായിക്കുളത്ത് ഹോട്ടലുകളിൽ റെയ്ഡ്; 12 സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsകല്ലമ്പലം: നാവായിക്കുളം മേഖലയിൽ ഭക്ഷണ വിൽപനശാലകളിലും സ്ഥാപനങ്ങളിലും ആരോഗ്യവിഭാഗം റെയ്ഡ്; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായാണ് വ്യാപക റെയ്ഡ് നടത്തിയത്.
പഞ്ചായത്തിലെ 12 ഭക്ഷണവിൽപനകേന്ദ്രങ്ങളിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. മിക്ക കടകളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ചില ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ല. ഇവ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് ഉടമകൾക്ക് നോട്ടീസ് നൽകി. അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പാടില്ല എന്ന കർശന നിർദേശം നൽകി. പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നില്ല എന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്ത മൂന്ന് കടകൾക്ക് പിഴ ചുമത്തി.
മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്ത കുളമടയിലെ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് നൽകി. മെഡിക്കൽ ഓഫിസർ എസ്. സുരേഷ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷാ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വൈ. റാഫി, വി. വിജീഷ്, എൻ. രാജേഷ്, വി. ലിജോ എന്നിവർ നേതൃത്വം നൽകി. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.