മോഷ്ടാക്കളെ ഭയന്ന് നാവായിക്കുളം കപ്പാംവിള നിവാസികൾ
text_fieldsകല്ലമ്പലം: നാവായിക്കുളം കപ്പാംവിള മേഖലയിൽ മോഷണവും മോഷണ ശ്രമങ്ങളും വ്യാപകമായതോടെ ജനം ഭീതിയിൽ. ഏതാനും ദിവസത്തിനകം നിരവധി സ്ഥലത്ത് കവർച്ച നടന്നു.
കപ്പാംവിള കുടവൂർ വില്ലേജ് ഓഫിസിൽ മോഷണശ്രമവും കിടത്തിച്ചിറ ക്ഷേത്രത്തിന് സമീപമുള്ള സജിത ഭവനിൽ രാമചന്ദ്രന്റെ (മണി) കടയിൽ മോഷണവും ഉണ്ടായി.
കുടവൂർ വില്ലേജ് ഓഫിസിന്റെ മുൻ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വ്യാപക പരിശോധന നടത്തിയെങ്കിലും കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങി വിലപിടിപ്പുള്ള ഉപകരണങ്ങളൊന്നും കൊണ്ടുപോയില്ല. പണം ഓഫിസിൽ സൂക്ഷിക്കാത്തതിനാൽ നഷ്ടപ്പെട്ടില്ല.
എന്നാൽ വില്ലേജ് ഓഫിസിലെ പ്രധാനപ്പെട്ട രേഖകൾ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധനക്കുശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു. അതിക്രമിച്ചു കയറിയവരുടെ ലക്ഷ്യം എന്തെന്ന് തിരിച്ചറിയാനായിട്ടില്ല. ഓഫിസ് പൂർണമായി അരിച്ചുപെറുക്കിയ നിലയിലാണ്.
രാമചന്ദ്രന്റെ കട കുത്തിത്തുറന്നു. 1000 രൂപയോളം കടക്കുള്ളിൽ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കളുടെ ശ്രദ്ധയിൽപെട്ടില്ല. കുറച്ച് സിഗററ്റും മോഷണം പോയിട്ടുണ്ട്. മുട്ടിയറ അപ്പൂപ്പൻനടയിലെയും കിടത്തിച്ചിറ മാടൻനടയിലെയും കാണിക്കയായി സൂക്ഷിച്ചിരുന്ന രണ്ട് വഞ്ചികൾ കവർന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്നാമത്തെ പ്രാവശ്യമാണ് ഈ കടയിൽ മോഷണം നടക്കുന്നത്. കല്ലമ്പലം പൊലീസ് വില്ലേജ് ഓഫിസിലും കടയിലും പരിശോധന നടത്തി. മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നു.
മോഷ്ടാക്കൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കപ്പാംവിള മേഖലയിലെ മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ഐ.എൻ.ടി.യു.സി നാവായിക്കുളം മുൻ മണ്ഡലം പ്രസിഡന്റ് സജീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.