സുമനസ്സുകൾ കൈത്താങ്ങായി; ആംബുലൻസിലെത്തി പരീക്ഷയെഴുതി സജൻ
text_fieldsകല്ലമ്പലം: സുമനസ്സുകൾ സഹായവുമായി രംഗത്തുവന്നതോടെ ആംബുലൻസിലെത്തി എസ്.എസ്.എൽ.സി പരീക്ഷയെഴുതി സജൻ. ഞെക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷിക്കാരനായ സജൻ എസ് പരിമിതികളെ മറികടന്നാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്.
പരീക്ഷക്ക് കിടപ്പുരോഗിയായ കുട്ടിയെ സ്കൂളിൽ കൊണ്ടുവരാൻ കഴിയില്ലെന്നുള്ള രക്ഷാകർത്താക്കളായ സജീവിന്റെയും ബേബിയുടെയും സങ്കടം സ്കൂളിലെ സ്പെഷൽ എജുക്കേറ്ററായ ഗ്രീസ സ്കൂൾ അധികൃതരെയും വാർഡ് മെംബറെയും പഞ്ചായത്ത് അധികാരികളെയും അറിയിച്ചു.
വാർഡ് മെംബർ സത്യബാബുവിന്റെയും പഞ്ചായത്തിന്റെയും അവസരോചിത ഇടപെടലിനെ തുടർന്ന് ഒറ്റൂർ പി.എച്ച്.സിയിൽ നിന്ന് പരീക്ഷയുള്ള ദിവസങ്ങളിലെല്ലാം ആംബുലൻസ് സേവനം ലഭ്യമാക്കുകയായിരുന്നു. പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗിനിലാൽ, ആംബുലൻസ് ഡ്രൈവർ ജിന്നി എന്നിവരുടെ സഹായത്താൽ കുട്ടിയെ സ്കൂളിലെത്തിച്ചു.
90 ശതമാനം വൈകല്യമുള്ള സജന് സ്വന്തമായി പരീക്ഷയെഴുതാൻ കഴിയാത്തതിനാൽ സഹായിയായി ഒമ്പതാം ക്ലാസുകാരൻ നിവേദ് കൂടി എത്തി. ഇതോടെ, സജന്റെയും രക്ഷാകർത്താക്കളുടെയും എസ്.എസ്.എൽ.സി എന്ന സ്വപ്നം പൂവണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.