നാവായിക്കുളത്ത് ക്ഷേത്രപ്രവേശന വിളംബര സ്തൂപം പുനഃസ്ഥാപിച്ചു
text_fieldsകല്ലമ്പലം: നാവായിക്കുളത്തെ ചരിത്രസ്മാരകമായ ക്ഷേത്രപ്രവേശന വിളംബര സ്തൂപം മാറ്റിസ്ഥാപിച്ചു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായാണ് മാറ്റിസ്ഥാപിച്ചത്. നേരേത്ത സ്ഥിതി ചെയ്തിരുന്ന ഭാഗത്തുനിന്ന് പഴയ ദേശീയപാതയിൽ കിഴക്ക് ഭാഗത്ത് പുതിയ ദേശീയപാതക്ക് അഭിമുഖമായാണ് മാറ്റിസ്ഥാപിച്ചത്. ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ പഴയ ദേശീയ പാതയോരത്താണ് വിളംബര സ്തൂപം സ്ഥിതി ചെയ്തിരുന്നത്. റോഡ് നിർമാണം തുടങ്ങിയപ്പോൾ മുതൽ നാട്ടുകാരും സംരക്ഷണസമിതിയും മലയാളവേദിയും ഇതിനെ ഉചിതമായ സ്ഥലത്ത് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനം എല്ലാവരെയും ആശങ്കയിലാക്കിയെങ്കിലും പ്രതിഷേധം ശക്തമായതോടെ മാറ്റിസ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകി.
1936 നവംബർ 12ന് തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ രാമവർമയാണ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. അതിൽ ആവേശഭരിതനായ കോമലേഴത്ത് കരുണാകരൻ സ്വന്തം ചെലവിൽ നാവായിക്കുളത്തെ എതുക്കാട് കവലയിൽ 1937 ഫെബ്രുവരി 24നാണ് ചരിത്രസ്മാരകമായ ക്ഷേത്രപ്രവേശന വിളംബരസ്തൂപം അനാവരണം ചെയ്തത്. അന്നത്തെ പ്രശസ്ത ശിൽപികളായ ചിന്നു, വേലു ആചാരി എന്നിവരായിരുന്നു ഇതിന്റെ ശിൽപികൾ. ജില്ലയിൽ തിരുവനന്തപുരത്തിനുപുറമെ നാവായിക്കുളത്ത് മാത്രമാണ് ഇത്തരത്തിൽ ഒരു സ്മാരകശിലയുള്ളത്.
10 അടി ഉയരമുള്ള സ്തൂപത്തിന് മുകളിൽ ക്ഷേത്രപ്രവേശന വിളംബര സ്തൂപം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും കൊത്തി െവച്ചിട്ടുണ്ട്. മഹാരാജാവിനോടുള്ള ആദരസൂചകമായി വിളംബരത്തിന് മുകളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമായ അനന്തശയനവും കൊത്തിവച്ചിട്ടുണ്ട്. ഒറ്റക്കല്ലിലാണ് സ്തൂപം നിർമിച്ചിരിക്കുന്നത്. ദേശീയപാത വികസനത്തിന്റെ സാഹചര്യത്തിൽ ഏറെ ചരിത്രപ്രാധാന്യമുള്ള ഈ സ്തൂപം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഉയർന്നിരുന്നു. സ്തൂപം സംരക്ഷണത്തിന് കോമലേഴത്ത് കരുണാകരന്റെ ബന്ധുക്കളും അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്തൂപം മാറ്റിസ്ഥാപിക്കാൻ തീരുമാനമായത്. കഴിഞ്ഞയാഴ്ച ക്രെയിൻ ഉപയോഗിച്ച് നീക്കിയ സ്തൂപം ശനിയാഴ്ച വീണ്ടും ക്രെയിൻ സഹായത്തോടെയാണ് മുൻകൂട്ടി തയാറാക്കിയ പ്ലാറ്റ്ഫോമിൽ മാറ്റിസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.