നദീറയുടെയും റഹീമിന്റെയും വേർപാട്: ഇനിയവർ കുടകിലേക്ക്...
text_fieldsകല്ലമ്പലം: മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികൾ മാതാവിന്റെ ബന്ധുക്കൾക്കൊപ്പം കുടകിലേക്ക് പോകും. കടമ്പാട്ടുകോണം കിഴക്കനേല കെട്ടിടംമുക്ക് എസ്.കെ.വി.എച്ച്.എസ്.എസിന് സമീപം പുന്നവിള അൽബായ വീട്ടിൽ വാടകക്ക് താമസിക്കുന്ന റഹീമിന്റെയും നദീറയുടെയും മക്കളായ റാഹിയ, റയ്ഹാൻ ഷാ എന്നിവരാണ് മാതാവിന്റെ ബന്ധുക്കൾക്കൊപ്പം കർണാടകയിലേക്ക് പോകുന്നത്. ഖബറടക്ക ചടങ്ങുകൾക്കുശേഷം ഇതിനുള്ള നടപടി നാട്ടുകാർ സ്വീകരിച്ചു.
പിതാവിന്റെ നാട് ഇവിടെയാണെങ്കിലും അവരുടെ ബന്ധുക്കൾക്കൊപ്പം കുട്ടികളെ അയക്കുന്നതിന് നാട്ടുകാർക്ക് എതിരഭിപ്രായമാണ് അറിയിച്ചത്.
കുട്ടികൾക്കും ഉമ്മയുടെ ബന്ധുക്കൾക്കൊപ്പം കുടകിലേക്ക് പോകണമെന്ന നിലപാടാണ് അറിയിച്ചത്. പഠനം തീരുവോളം ഇവിടെ തുടരാനുള്ള സൗകര്യം ഒരുക്കാമെന്ന് പി.ടി.എ പ്രസിഡൻറ് നാദിർഷാ ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. എന്നാൽ, നദീറയുടെ മാതാവ് ഫാത്തിമക്കൊപ്പം ഇപ്പോൾ കുടകിലേക്ക് പോകണമെന്നും ബാക്കി കാര്യങ്ങൾ പിന്നെ തീരുമാനിക്കാമെന്നും മകൾ റാഹിയ നിലപാട് അറിയിച്ചു.
റാഹിയ നിലവിൽ എസ്.കെ.വി എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. റയ്ഹാൻ ഷാ ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും. ഈ അവസ്ഥയിൽ കർണാടക സിലബസിലേക്കും ഭാഷമാറ്റവും കുട്ടികളുടെ പഠനത്തെ ബാധിക്കും. ഇത് ഒഴിവാക്കാൻ ഇതേ സിലബസ് പഠിച്ച് ഇവിടെതന്നെ പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കാൻ സ്കൂൾ അധികൃതർ ആലോചിക്കുന്നുണ്ട്. അധ്യാപകരെല്ലാം ഇതിന് പിന്തുണയും അറിയിച്ചിട്ടുണ്ട്.
കുട്ടികൾ പ്രായപൂർത്തി ആകാത്തവരായതിനാൽ നിയമപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് സംസ്ഥാനം വിടുന്നത്. ഇതിനായി സി.ഡബ്ല്യു.സിയിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വൈകുന്നേരത്തോടെ എത്തി വാങ്ങി.
അതിന് മുന്നേ റാഹിയയും റയ്ഹാൻ ഷായും തങ്ങളുടെ വിദ്യാലയമായ എസ്.കെ.വി എച്ച്.എസ്.എസിലെത്തി സഹപാഠികളോട് യാത്ര ചോദിച്ചു. അപ്രതീക്ഷിത ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി കരഞ്ഞ് കണ്ണീർ വറ്റിയ റാഹിയ തന്നെ കണ്ടപ്പോൾ വിങ്ങിപ്പൊട്ടിയ സഹപാഠികളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
മക്കൾ മരണവിവരം അറിഞ്ഞത് ഇന്നലെ പുലർെച്ച
കല്ലമ്പലം: മാതാപിതാക്കളുടെ മരണവിവരം മക്കൾ അറിഞ്ഞത് ചൊവ്വാഴ്ച പുലർച്ചെ. തിങ്കളാഴ്ച രാവിലെ 8.40നാണ് നാദിറയെ കൊലപ്പെടുത്തി ഭർത്താവ് റഹീം ആത്മഹത്യ ചെയ്തത്. ഒമ്പതരയോടെ മക്കളായ റാഹിയയും റയ്ഹാൻ ഷായും സ്കൂളിലെത്തി. സ്കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുമ്പുതന്നെ സ്കൂൾ അധികൃതർ സംഭവമറിഞ്ഞു. കുട്ടികൾ വിവരം അറിയാതിരിക്കാൻ അധികൃതർ ശ്രദ്ധിച്ചു. ഇതോടൊപ്പം ഇവരിൽനിന്ന് മാതാവിന്റെ ബന്ധുക്കളുടെ വിവരം ശേഖരിച്ചു അവരെ അറിയിക്കുകയും ചെയ്തു.
വൈകീട്ട് സ്കൂൾ വിടുംവരെയും കുട്ടികൾ പുറത്തുപോകുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി മരണവിവരം കുട്ടികൾ അറിയാതെ നോക്കി. ശേഷം മാതാവിനുനേരെ പിതാവിന്റെ ആക്രമണമുണ്ടായതായും ആശുപത്രിയിലാണെന്നും ഒറ്റക്ക് വീട്ടിൽ പോകേണ്ടെന്നും പി.ടി.എ പ്രസിഡൻറിന്റെ വീട്ടിൽ നിൽക്കാനും അറിയിച്ചു. ഇതനുസരിച്ച് പി.ടി.എ പ്രസിഡൻറ് നാദിർഷയുടെ വീട്ടിലാണ് കുട്ടികൾ കഴിഞ്ഞത്.
ചൊവ്വാഴ്ച പുലർച്ച രണ്ടോടെയാണ് നാദിറയുടെ മാതാവ് ഫാത്തിമ, സഹോദരി നസീമ, മറ്റു ബന്ധുക്കൾ എന്നിവർ കർണാടകയിൽനിന്ന് ഇവിടെയെത്തിയത്. അതിനുശേഷമാണ് മാതാവിനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത വാർത്ത ഇവർ അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.