നവായിക്കുളത്ത് അജ്ഞാതജീവി ഭീതിപരത്തുന്നു
text_fieldsകല്ലമ്പലം: നാവായിക്കുളം മേഖലയിൽ വീണ്ടും അഞ്ജാതജീവിയുടെ ആക്രമണം. ഡീസൻറ്മുക്ക് റിയാന കോട്ടേജിൽ റംസി ബഷീറിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് കഴിഞ്ഞദിവസം രാത്രി ഒന്നോടെ അജ്ഞാതജീവിയുടെ ആക്രമണം ഉണ്ടായത്. ഫാമിന്റെ ഷീറ്റും ഗ്രില്ലും തകർത്താണ് അജ്ഞാത ജീവി അകത്ത് കടന്നത്. രണ്ട് കൂടുകളിലായി ഉണ്ടായിരുന്ന 25 ഓളം കോഴികളെ കൊന്ന് പകുതിയോളമെണ്ണത്തെ കോഴികളെ ഭക്ഷിക്കുകയും ചെയ്തു. മറ്റു കൂടുകളിൽ 50 ഓളം കോഴികൾ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് അജ്ഞാത ജീവിക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അജ്ഞാത ജീവിയുടെ ആക്രമണം ആവർത്തിക്കുമോയെന്ന ഭീതിയിലാണ് കുടുംബം.
ഡീസന്റ് മുക്കിന്റെ നിരവധി പ്രദേശങ്ങളിൽ ഇതുപോലെ കൂടുതകർത്ത് കോഴികളെ അജ്ഞാതജീവി ആക്രമിച്ചുകൊല്ലുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാർ. ആഗസ്റ്റിൽ ഡീസന്റ്മുക്ക് മേഖലയിൽ അജ്ഞാതജീവി കോഴികളെ കൊന്നിരുന്നു. രണ്ട് വീടുകളിൽ നിന്നായി നൂറോളം കോഴികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പാറച്ചേരി ഷമീല മൻസിൽ ഐഷാബീവിയുടെ വീട്ടിലെ 30 കോഴികളെയാണ് കൊന്നത്. ഇവർ മുട്ടക്കോഴി വളർത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.
ഡീസന്റ് മുക്കിന് സമീപം അനന്തഭവനത്തിൽ മിനിയുടെ വീട്ടിൽ രണ്ടുദിവസം മുമ്പ് സമാനരീതിയിൽ 50ലേറെ കോഴികൾ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായി നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. വള്ളിപ്പൂച്ച പോലുള്ള മൃഗങ്ങളുടെ ആക്രമണമാണെന്നാണ് നിഗമനം. തെരുവുനായ് ശല്യവും മേഖലയിൽ വ്യാപകമാണ്.
മാസങ്ങൾക്കു മുമ്പ് മുതൽ കല്ലമ്പലം മേഖലയിൽ അജ്ഞാതജീവിയുടെ സാന്നിധ്യം ആശങ്ക പരത്തിയിരുന്നു. അതിനുശേഷം വ്യത്യസ്ത സന്ദർഭങ്ങളിലായി കോഴികൾ കൊല്ലപ്പെടുകയും നായ്ക്കളെ കാണാതാകുന്നതും വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. പുലിയെന്ന സംശയിക്കുന്ന രീതിയിലുള്ള മൃഗത്തെയാണ് നാട്ടുകാരിൽ പലരും നേരത്തെ കണ്ടിട്ടുള്ളത്. ഈ സ്ഥലങ്ങളിലെ കാൽപാദങ്ങൾ പരിശോധിച്ചിരുന്നു. വള്ളിപ്പൂച്ചയോ കാട്ടുപൂച്ചയോ ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.