തോട്ടക്കാട്പാലം-പറങ്കിമാംവിള -പുത്തൻകോട് റോഡ് തകർന്നു
text_fieldsകല്ലമ്പലം: തോട്ടക്കാട്പാലം-പറങ്കിമാംവിള- പുത്തൻകോട് റോഡ് തകർന്നു; ജനം ദുരിതത്തിൽ. കഴിഞ്ഞദിവസം പെയ്ത മഴയിലാണ് റോഡ് തകർന്ന് തോട്ടിലേക്ക് പതിച്ചത്. ദേശീയപാതയിലെ തോട്ടക്കാട് പാലം ഭാഗത്തുനിന്ന് മണമ്പൂർ പഞ്ചായത്തിലെ 6, 7 വാർഡുകളിലൂടെ മണമ്പൂർ - വർക്കല ഭാഗത്തേക്ക് പോകുന്ന റോഡാണിത്.
ദേശീയ പാതയിൽ തോട്ടക്കാട് പാലത്തിന് സമീപത്തു നിന്നാരംഭിക്കുന്ന പാത രണ്ടായി തിരിഞ്ഞ് പറങ്കിമാംവിള ജംഗ്ഷനിലും പുത്തൻകോട് പാലത്തിന് സമീപവും ചേരും. റോഡ് തകർന്നതോടെ ഈ മേഖലയിലുള്ള നൂറിലേറെ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. സമീപത്തെ വീടുകളും കടുവാപ്പള്ളി വകതൈക്കാവും ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്.
റോഡിലൂടെയുള്ള വാഹനഗതാഗതവും കാൽനടയും അവസാനിച്ചു. നാട്ടുകാർ പഞ്ചായത്ത്, റവന്യൂ അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരനടപടികൾ ഇനിയുമുണ്ടായിട്ടില്ല. സ്ഥലത്ത് വിവിധ സംഘടനകളുടെയും റസിഡൻറ്സ് അസോസിയേഷനുകളുടെയും ഭാരവാഹികളെത്തി പ്രതിഷേധിച്ചു. വീണ്ടും മഴയുണ്ടായാൽ വൻ ദുരന്തമായിരിക്കും ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
സ്കൂൾ കുട്ടികളും മദ്രസയിലേക്ക് പോകുന്ന കുട്ടികളും പൊതുജനങ്ങളും നിരന്തരം ഉപയോഗിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. സമീപത്തുള്ള ഏലാ തോടിലൂടെ നല്ല ഒഴുക്കിൽ വെള്ളവും പോകുന്നുണ്ട്. തോടിന്റെ വശങ്ങൾ പാറ കെട്ടിയോ കോൺക്രീറ്റോ ചെയ്തോ സംരക്ഷിച്ചില്ലെങ്കിൽ വൻ ദുരന്തമാകും സംഭവിക്കുകയെന്നും അടിയന്തിരമായി അധികാരികൾ സംഭവ സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും സ്ഥലവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.