കല്ലമ്പലത്ത് വീണ്ടും പുലി ഭീതി, കാട്ടുപൂച്ച എന്ന് വനംവകുപ്പ്
text_fieldsകല്ലമ്പലം: പുലിയോട് സാദൃശ്യമുള്ള മൃഗത്തെ കണ്ടെന്ന വാർത്ത പരിഭ്രാന്തിക്കിടയാക്കി. കാൽപാടുകൾ കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പിന്റെ നിഗമനം. ജനങ്ങൾ ജാഗ്രത പുലർത്താനും നിർദേശം.
കല്ലമ്പലം തോട്ടയ്ക്കാട് ചാങ്ങാട് മേഖലയിലാണ് കഴിഞ്ഞദിവസം രാത്രി പുലിയോട് സാദൃശ്യമുള്ള മൃഗത്തെ കണ്ടത്. വലുപ്പം കൊണ്ടും രൂപം കൊണ്ടും പുലിയുടെ ആകൃതിയാണെന്നും നിറത്തിൽ കടുവയുടേതുപോലെ വരകൾ ഉള്ളതായും ദൃക്സാക്ഷികൾ പറഞ്ഞു. രാത്രിവെളിച്ചത്തിലാണ് കണ്ടതെങ്കിലും പുലി തന്നെയെന്ന് ഇവർ അവകാശപ്പെടുന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. കാൽപാദങ്ങൾ നിരീക്ഷിച്ചതിൽനിന്ന് കാട്ടുപൂച്ചയുടേതാണെന്ന് നിഗമനത്തിലാണ് വനംവകുപ്പ്. എങ്കിലും ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോട് ഇവർ നിർദേശിച്ചു.
സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലിയോട് സാദൃശ്യമുള്ള മൃഗം നടന്നുപോകുന്നത് കണ്ടെത്തി. എന്നാൽ ദൃശ്യങ്ങൾക്ക് വ്യക്തതക്കുറവുണ്ട്. രണ്ടാഴ്ച മുമ്പ് നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ കുടവൂരിൽ അജ്ഞാതജീവി ആശങ്ക സൃഷ്ടിച്ചിരുന്നു.
വീടിനുസമീപത്ത് പുലിയെ കണ്ടതായി അന്ന് വീട്ടമ്മ പറഞ്ഞതോടെയാണ് ആശങ്ക വർധിച്ചത്. പ്രദേശത്തെ വീട്ടമ്മയും മകളുമാണ് അന്ന് മൃഗത്തെ കണ്ടത്. തുടർന്ന് അത് കാട്ടു പൂച്ചയുടെ കാൽപാടുകൾ ആണെന്ന് അറിയിച്ചു. അന്ന് കുടവൂരിൽ കണ്ട കാട്ടുപൂച്ചയാകും മൂന്ന് കിലോമീറ്റർ അകലെ ഇപ്പോൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത് എന്നാണ് വനംവകുപ്പ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.