വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ്; പരാതി പരിശോധിക്കാൻ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു
text_fieldsകല്ലമ്പലം: വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിന്റെ അലൈൻമെന്‍റ് സംബന്ധിച്ച പരാതികൾ കേൾക്കാൻ ഒ.എസ്. അംബിക എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ ഷീജ ബീഗം എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു.
നാവായിക്കുളം, കരവാരം പഞ്ചായത്തുകളിലെ പുതുശ്ശേരിമുക്ക്, ശ്രീമുരുകൻ കോവിൽ ക്ഷേത്രപരിസരം, ആനക്കാട്, കല്ലുവിള സർവിസ് സ്റ്റേഷൻ, വല്ലത്തുകോണം കോളനി എന്നിവിടങ്ങളിൽ പരാതി കേട്ടു. സർവേ കമ്പനി, റവന്യൂ, എൻ.എച്ച് അധികൃതരും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും ഡെപ്യൂട്ടി കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിലും മുരുകൻകോവിൽ സംരക്ഷണസമിതിയും വ്യക്തികളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. പുതുശ്ശേരിമുക്ക് ഭാഗത്ത് അലൈൻമെന്‍റ് വളഞ്ഞെന്നും ഇത് തിരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തെറ്റായ അലൈൻമെന്‍റ് തിരുത്തണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ സമർപ്പിച്ച ബദൽ അലൈമെന്‍റിന്‍റെ സാധ്യത പരിശോധിക്കാൻ ഡെപ്യൂട്ടി കലക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിലെ അലൈമെന്‍റിനെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തുവന്നു. നിലവിലെ അലൈൻമെന്‍റ് വെച്ചുതന്നെ റോഡ് നിർമിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഇതിനിടെ അലൈൻമെന്‍റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. റോഡിനെതിരെ പരാതി നൽകിയവരിൽ മരിച്ച വ്യക്തിയുമുണ്ടെന്ന് കണ്ടെത്തി. വല്ലത്തുകോണം കോളനിയിൽ പരാതി നൽകിയതായി കണ്ട പലരും തങ്ങൾ നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ പറഞ്ഞു. പരാതികൾ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.