മാലിന്യനീക്കമില്ല; കല്ലമ്പലം പബ്ലിക് മാർക്കറ്റ് ദുർഗന്ധകേന്ദ്രം
text_fieldsകല്ലമ്പലം: പബ്ലിക് മാർക്കറ്റിൽ മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നു. മാലിന്യം യഥാസമയം നീക്കാനോ ശുചീകരണത്തിനോ നടപടിയില്ലാത്തതിനാലാണ് കുന്നുകൂടിയത്. മഴ പെയ്തതോടെ ഇതിൽനിന്ന് ദുർഗന്ധം വമിക്കുകയാണ്. മലിനജലം ചന്തയിലൂടെ മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകിപ്പരക്കുകയും ചെയ്യുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ചന്തയാണിത്.
ത്രിതല പഞ്ചായത്ത്, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ കാലാകാലങ്ങളായി മാർക്കറ്റിൽ നടത്തിയിട്ടുണ്ട്. എന്നാൽ മാലിന്യസംസ്കരണത്തിൽ ബന്ധപ്പെട്ടവർക്ക് അലസഭാവമാണ്. ചന്തപ്പിരിവിനത്തിലും കടമുറികളുടെ വാടകയിനത്തിലും ഗ്രാമപഞ്ചായത്തിന് മാർക്കറ്റിൽനിന്ന് വലിയ വരുമാനമുണ്ട്. മാലിന്യം നീക്കാത്തതിനാൽ വി. ജോയ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടവും വൃത്തിഹീനമാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മാർക്കറ്റിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കല്ലമ്പലം പബ്ലിക് മാർക്കറ്റ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സത്യഗ്രഹസമരം സംഘടിപ്പിച്ചിട്ടുണ്ട്.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലമ്പലം യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.