നാവായിക്കുളം മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം
text_fieldsകല്ലമ്പലം: നാവായിക്കുളം മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. കരിമ്പുവിളയിലാണ് പന്നിശല്യം കൂടിയത്. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.30 ന് ആയിരുന്നു സംഭവം. മടവൂർ അംബിക വിലാസത്തിൽ കാർത്തികേയൻ, പള്ളിക്കൽ കാവുവിള വീട്ടിൽ സുദേവൻ, പത്രം ഏജൻറ് സുനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സ്കൂട്ടറിൽ പള്ളിക്കൽ ഭാഗത്തേക്ക് പോയ സുദേവനെ കാട്ടുപന്നി ആക്രമിച്ചു.
വാഹനത്തിൽനിന്ന് വീണ സുദേവനെ രക്ഷിക്കാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരൻ കാർത്തികേയനെയും പന്നി ആക്രമിച്ചു. കാൽമുട്ടിന് പരിക്കേറ്റ കാർത്തികേയൻ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം കുടവൂർ സ്വദേശിയായ യുവാവിനും കപ്പാംവിള പത്രം ഏജന്റ് എസ്. സുനിൽകുമാറിനും കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
പന്നിയുടെ ആക്രമണം കാരണം നാട്ടുകാർ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാവിലെ പത്രം, പാൽ വിതരണത്തിന് ഇറങ്ങുന്നവരാണ് കൂടുതൽ ആക്രമണത്തിന് ഇരയാകുന്നത്. വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ പന്നിയെ കണ്ട് നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.