കാറ്റും മഴയും: ആറ്റിങ്ങൽ, കല്ലമ്പലം മേഖലകളിൽ വ്യാപക നാശം
text_fieldsകല്ലമ്പലം: മഴയിലും കാറ്റിലും കല്ലമ്പലം മേഖലയിൽ വ്യാപക നാശം. വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി, ഗതാഗത തടസ്സങ്ങൾ ഉണ്ടായി. കെ.എസ്.ഇ.ബി കല്ലമ്പലം സെക്ഷൻ ഓഫിസ് പരിധിയിൽ ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചയും പെയ്ത മഴയിൽ വലിയ തോതിൽ വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർന്നു. ഏഴ് വൈദ്യുതി പോസ്റ്റുകൾ, അനുബന്ധ ഉപകരണങ്ങൾ വ്യാപകമായി നശിച്ചു.
31 സ്ഥലത്ത് മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. സെക്ഷൻ പരിധിയിൽ ഭൂരിഭാഗം മേഖലയിലും ചൊവ്വാഴ്ച രാത്രിയോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ശക്തമായ മഴയിലും വൈദ്യുതി ഗതാഗതതടസ്സങ്ങൾ സൃഷ്ടിച്ച മരങ്ങൾ നാട്ടുകാരും ജനപ്രതിനിധികളും ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മുറിച്ചുമാറ്റി. ബുധനാഴ്ച രാവിലെ മുതൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുതുടങ്ങി.
നാവായിക്കുളം മുല്ലനല്ലൂർ കുരിശിങ്കൽ വീട്ടിൽ ബിനുവിന്റെ 120 ഓളം കുലവാഴ കഴിഞ്ഞരാത്രിയിലെ കാറ്റിലും മഴയിലും ഒടിഞ്ഞുവീണ് നശിച്ചു. വൻ സാമ്പത്തികനഷ്ടമുണ്ടായി. വൻ തുകക്ക് പാട്ടത്തിനെടുത്ത വയലിൽ വലിശക്ക് പണം എടുത്താണ് ഇവിടെ കർഷകർ വാഴ കൃഷി ചെയ്യുന്നത്.
കൃഷി വിളവെടുക്കാറായപ്പോഴുണ്ടായ കൃഷി നാശം കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു കാരണ വശാലും പിടിച്ച് നിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറഞ്ഞു. നാവായിക്കുളം കൃഷി ഓഫിസർ രമ്യ ചന്ദ്രൻ, കൃഷി അസിസ്റ്റൻറ് ഓഫിസർ പ്രമോദ്, കർഷകസംഘടനപ്രതിനിധി മുല്ലനല്ലൂർ ശിവദാസൻ എന്നിവർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
ആറ്റിങ്ങൽ: ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണും മതിലുകൾ തകർന്നും മണ്ണിടിച്ചിൽ കൊണ്ടും ഗതാഗത-വൈദ്യുതി തടസ്സങ്ങൾ നേരിട്ടു. വിവിധ മേഖലകളിൽ കൃഷിനഷ്ടവും കായലോര-താഴ്ന്നപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും നിലവിലുണ്ട്. മഴ ശക്തമായി തുടരുന്നതും കാറ്റുമാണ് നാശനഷ്ടങ്ങൾക്ക് കാരണം. വാമനപുരം നദീതീരത്ത് മണ്ണിടിച്ചിൽ വ്യാപകമാണ്.
ആലംകോട് ചാത്തമ്പറ കല്ലുവെട്ടാൻകുഴിയിൽ മരം കടപുഴകി വീണു. റോഡിന് കുറുകെ വീണ മരം വൈദ്യുതി-ഗതാഗത തടസ്സങ്ങൾ സൃഷ്ടിച്ചു. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. വൈദുതി ലൈൻ റോഡിലാണ് പതിച്ചത്.
ഉടൻതന്നെ അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ആറ്റിങ്ങൽ രാമച്ചംവിള ഗവ. എൽ.പി സ്കൂളിന്റെ മുൻവശത്തെ മതിൽ തകർന്നുവീണു. ശക്തമായ മഴയെത്തുടർന്നാണ് മതിൽ നിലം പതിച്ചത്. ദേശീയപാതയിൽ പൂവൻപാറ പാലത്തിന് സമീപം വലിയ മരം കടപുഴകി റോഡിൽ വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.