കയങ്ങളിൽ മരണമൊളിപ്പിച്ച് കല്ലാർ
text_fieldsവിതുര: പൊന്മുടി സന്ദർശിക്കാനെത്തുന്നവരുടെ ആകർഷക കേന്ദ്രമാണ് കല്ലാർ. വെള്ളാരം കല്ലുകൾ നിറഞ്ഞ, പതഞ്ഞൊഴുകുന്ന നദിയിലിറങ്ങി കുളിർ നുകരാൻ സഞ്ചാരികളെ കല്ലാറിന്റെ ഗ്രാമ്യഭംഗി മാടിവിളിക്കും. എന്നാൽ, അതിന്റെ കയങ്ങളിൽ മരണത്തിന്റെ തണുപ്പ് ഉറഞ്ഞിരിക്കുന്നത് നദിയെ പരിചയമില്ലാത്തവർക്ക് അറിയില്ല.
കാൽ നൂറ്റാണ്ടിനിടയിൽ അമ്പതോളം ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. കല്ലാർ, ആനപ്പാറ മേഖലയിലാണ് കൂടുതൽപേർ മരിച്ചത്. വാമനപുരം നദിയിൽ ആഴം കൂടിയ കയങ്ങൾ ഒട്ടേറെയുണ്ട്. കല്ലാറിലെ വട്ടക്കയമാണ് ഇതിൽ ഏറ്റവും അപകടകരം. ഇവിടെയാണ് കഴിഞ്ഞദിവസം മൂന്നുപേരുടെ ജീവൻ നഷ്ടമായത്.
കാൽനൂറ്റാണ്ട് മുമ്പ് തിരുവനന്തപുരം ഡെന്റൽ കോളജിൽനിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിലെ എട്ട് വിദ്യാർഥികൾ കല്ലാറിൽ മുങ്ങിമരിച്ചിരുന്നു. ഇതാണ് നദിയിൽ നടന്ന ഏറ്റവും വലിയ ദുരന്തം. ആദ്യ കാഴ്ചയിൽ കയങ്ങളുടെ ആഴം തിരിച്ചറിയാനാകില്ല എന്നതാണ് പ്രധാന പ്രശ്നം.
ഇതുവരെയുണ്ടായ അപകടങ്ങളെല്ലാം അങ്ങനെ സംഭവിച്ചവയാണ്. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവരാണ് വട്ടക്കയത്തിൽ മരിച്ചവരിൽ ഏറെയും. ഇരുപത് അടിയോളം താഴ്ചയുള്ള കയത്തിൽ വീണാൽ ജീവൻ തിരിച്ചുകിട്ടുക പ്രയാസമാണ്.
ഇവിടെ സഞ്ചാരികൾ ഇറങ്ങാതിരിക്കാൻ അപായസൂചനാ ബോർഡുകളും മുള്ളുവേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അവഗണിച്ചാണ് നദിയിലിറങ്ങുന്നത്. കഴിഞ്ഞദിവസം അപകടത്തിൽപെട്ട സംഘം നദിയിലിറങ്ങിയപ്പോഴും നാട്ടുകാരിൽ ചിലരും സമീപത്തെ റിസോർട്ടിലെ ജീവനക്കാരും വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.