വേഗരുചിയൊരുക്കി കറിക്കൂട്ട് കൂട്ടായ്മ
text_fieldsതിരുവനന്തപുരം: രാവിലെ സാമ്പാറും അവിയലും തീയലുമൊക്കെ വെക്കുകയെന്നാൽ ഭഗീരഥ പ്രയത്നംതന്നെയാണ് വീട്ടമ്മമാർക്ക്. പ്രത്യേകിച്ച് ഓഫിസുള്ള ദിവസമാണെങ്കിൽ. പച്ചക്കറി അരിഞ്ഞു അടുപ്പത്താകുമ്പോഴേക്ക് പാചക സമയം പകുതി കഴിഞ്ഞിട്ടുണ്ടാവും.
പിന്നെ, മസാലയും തേങ്ങയും വറുത്തെടുക്കുക, അവ അരച്ചെടുക്കുക തുടങ്ങി ജോലികൾ പിന്നെയും ബാക്കിയാണ്. ഇതിൽനിന്ന് വീട്ടമ്മമാർക്കൊരു മോചനമെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കറിക്കൂട്ട് കൂട്ടായ്മ എന്ന സംരംഭത്തിന് തുടക്കമിട്ടത്. വിഭവമെന്തോ അതിനുള്ള പച്ചക്കറി അരിഞ്ഞ് പായ്ക്കറ്റിലാക്കി വിൽക്കുന്ന സംരംഭമാണിത്. ഏത് കറികൂട്ട് വേണമെന്ന് വാട്സ്ആപ് ഗ്രൂപ്പിൽ കുറിച്ചാൽ വൈകീട്ടോടെ വീട്ടുപടിക്കൽ സാധനമെത്തും. ഒന്ന് കഴുകിയെടുത്ത് നേരെ അടുപ്പിൽ വെക്കുകയേ വേണ്ടൂ. 80755 73960 നമ്പറിൽ രാവിലെ 11 വരെ ഓർഡർ സ്വീകരിക്കും. ഉച്ചക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് ഡെലിവറി.
അശ്വിൻ, ദിവ്യ, നിതിൻ എന്നീ സുഹൃത്തുക്കൾ 2021 ജൂൺ 13ന് സെക്രട്ടേറിയറ്റിന് മുന്നിൽ ചെറിയ മേശയിട്ട് തുടങ്ങിയ സംരംഭം ഇന്ന് സ്റ്റാർട്ടപ് സ്ഥാപനമായി വളർന്നിരിക്കുന്നു. നാടൻ പച്ചക്കറി വാങ്ങി കഴുകി വൃത്തിയാക്കി മുറിച്ചുനൽകുക മാത്രമല്ല ഇവർ ചെയ്യുന്നത്. തേങ്ങയടക്കമുള്ള ചേരുവകളും നൽകും.
450 ഗ്രാം അവിയൽ പായ്ക്കറ്റിന് 60 രൂപയും സാമ്പാറിന് 55 രൂപയും തീയലിന് 65 രൂപയുമാണ് വില. നാലാൾക്ക് സുഭിക്ഷമായി കഴിക്കാനുള്ള ചേരുവ ഇതിലുണ്ടാവും.
പനീർ ബട്ടർ മസാല പോലുള്ള കറികൂട്ടും ലഭ്യമാണ്. അച്ചാറും സലാഡുകളും ഒക്കെ ഒട്ടും കൃത്രിമത്വമില്ലാതെ കഴിക്കാം. ദിവസം 250 പായ്ക്കറ്റ് വരെ വിറ്റുപോകുന്നതായാണ് ഇവർ പറയുന്നത്. പ്രതിമാസം മൂന്നുമുതൽ അഞ്ചുലക്ഷം വരെയാണ് വിറ്റുവരവ്. വൃത്തിയാക്കി മുറിച്ച മീനുകളുടെ വിതരണവും തുടങ്ങിക്കഴിഞ്ഞു.
കോഴിക്കോട് സ്വദേശി അശ്വിനും കാട്ടാക്കട സ്വദേശി നിതിനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്കിടെയാണ് ഈ സംരംഭത്തിലിറങ്ങിയത്. ഇപ്പോൾ രണ്ടാളും ഫുൾടൈം ബിസിനസുകാരാണ്. അശ്വിൻ സമാന്തരമായി പിഎച്ച്.ഡി ചെയ്യാനുള്ള തയാറെടുപ്പിലാണ്. കൊല്ലം സ്വദേശി ദിവ്യയും മലയാളത്തിൽ പിഎച്ച്.ഡി ചെയ്യുന്നതിനൊപ്പമാണ് ബിസിനസ് നോക്കുന്നത്. മൂന്ന് സഹായികളുണ്ട്. അവരും വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.