കരീമിക്ക ആദരവ് ഏറ്റുവാങ്ങി; അഭിവാദ്യം നൽകി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ നിറസാന്നിധ്യമായ മനുഷ്യന് ഉപഹാരം നൽകി ജീവനക്കാർ. നീണ്ട വർഷങ്ങളായി സെക്രട്ടേറിയറ്റ് മുന്നിൽ ലാഭേച്ഛ കൂടാതെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾക്ക് സൈഡ് പറയുകയും സിവിൽ ഡ്രസ്സിലെ പൊലീസുകാരെപോലെ അഭിവാദ്യം നൽകുകയും ചെയ്യുന്ന അബ്ദുൽ കരീമെന്ന കരീമിക്കയെ സെക്രട്ടേറിയറ്റിലെ വനിത സംഘടനയായ കനലിന്‍റെ ഓണാഘോഷവേദിലായിരുന്നു ആദരിച്ചത്.
ആദരിക്കുന്ന വേദിയിലും കരിമിക്ക പതിവ് തെറ്റിക്കാതെ മുഖ‍്യമന്ത്രിക്ക് സല്യൂട്ട് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും തിരികെ കരീമിനെ അഭിവാദ്യം ചെയ്തു. ഉപഹാരം സ്വീകരിക്കാൻ വേദിയിലെത്തിയ കരീമിനെ നീണ്ട കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. അമ്പലത്തറ സ്വദേശിയാണ് കരീം.
മുഖ‍്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ‍്യമന്ത്രിയുടെ പത്നി കമലയാണ് കനലിന്‍റ ഉപഹാരം കരീമിന് നൽകിയത്.
വർഷങ്ങൾക്ക് മുമ്പ് അന്ന് മുഖ‍്യമന്ത്രിയായിരുന്ന കെ. കരുണാകരനെ നേരിൽ കാണാൻ സെക്രട്ടേറിയറ്റിലെ കന്‍റോൺമെന്‍റ് കവാടത്തിലെത്തിയ കരീം പിന്നീട് ഇവിടെ സ്ഥിരം സാന്നിധ്യമായി. അവധി ദിവസങ്ങളിലും കരീമിക്ക ഇവിടെയെത്തും. പിന്നീട് കരീമിക്കയില്ലാത്ത കന്‍റോൺമെന്‍റ് ഗേറ്റില്ലെന്ന അവസ്ഥ വന്നു. ദിവസവും കാണാൻ തുടങ്ങിയതോടെ മാറിമാറി വരുന്ന മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കരീമിക്ക ചിരപരിചിതനായി. ഗേറ്റിൽ പൊലീസ് വലയമുണ്ടെങ്കിലും ഈ ഗേറ്റ് വഴി കടക്കുന്ന ഓരോ സർക്കാർ വാഹനങ്ങളും ഉള്ളിൽ കടക്കുന്നതിനും പുറത്ത് പോകുന്നതിനും കരീമിക്കയുടെ സിഗ്നലും സല‍്യൂട്ടുമുണ്ടാകും. എല്ലാവരോടും ചിരിച്ച് സൗമ‍്യനായി പെരുമാറുന്ന ഇദ്ദേഹം സെക്രട്ടേറിയറ്റിനുള്ളിലെ ജീവനക്കാർക്കും ഡ‍്യൂട്ടിക്കെത്തുന്ന പൊലീസുകാർക്കും പ്രിയപ്പെട്ടയാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.