കർക്കടക വാവുബലി; ശംഖുംമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് അനുമതി
text_fieldsതിരുവനന്തപുരം: കടലാക്രമണം മൂലമുള്ള തീരശോഷണത്തിന്റെ പശ്ചാത്തലത്തിൽ ശംഖുംമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം നടത്താൻ കലക്ടർ ജെറോമിക് ജോർജ് അനുമതി നൽകി. വടക്കേ കൊട്ടാരത്തിനടുത്തുള്ള കൽമണ്ഡപത്തിന് സമീപമുള്ള കുറച്ച് ഭാഗത്താണ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള സൗകര്യം ഒരുക്കുക. നിലവിലെ സാഹചര്യത്തിൽ ശംഖുംമുഖത്ത് ഈ വർഷം ബലിതർപ്പണ ചടങ്ങുകൾ നടത്താൻ ആകുമോയെന്ന് പരിശോധിക്കാൻ നേരേത്ത കലക്ടർ ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് തഹസിൽദാരും ഡെപ്യൂട്ടി പൊലീസ് കമീഷണറും നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന സുരക്ഷയോടെ ബലിതർപ്പണ ചടങ്ങുകൾ നടത്താൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.
കൽമണ്ഡപത്തിന് ഇരുവശവും ബാരിക്കേഡുകൾ ക്രമീകരിക്കണം. ബലിയിടുന്നവരെ മാത്രമേ ഒഴുക്കുന്നതിന് തീരത്തേക്ക് കടത്തിവിടാവൂ. ഒരു സമയം ടോക്കൺ വഴി പരമാവധി 30 പേരെ മാത്രമേ ബലിതർപ്പണത്തിന് അനുവദിക്കുകയുള്ളൂ. ഇവിടെ കടലിലെ മുങ്ങിക്കുളി അനുവദിക്കില്ല.
ഇതു തടയാൻ ബാരിക്കേഡുകൾ ക്രമീകരിക്കണം. െപാലീസ്, ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ ടീം എന്നിവരുടെ സേവനം ഉറപ്പുവരുത്തണം. പ്രദേശത്തെ തിരക്ക് നിയന്ത്രിക്കാൻ ഓൾസെയിൻറ്സ്, വേളി, എയർപോർട്ട്, വലിയതുറ എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനഗതാഗതം നിയന്ത്രിക്കണം.
ശംഖുംമുഖം തീരത്ത് ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണം. റെഡ്, ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായാലോ നിലവിലുള്ള തീരത്തിന് എന്തെങ്കിലും ശോഷണം സംഭവിച്ചാലോ ബലിതർപ്പണത്തിനുള്ള അനുമതി റദ്ദാക്കുമെന്നും ഉത്തരവിൽ പറയുന്നു.
കടലിലെ കുളി അനുവദിക്കില്ല
പേരൂർക്കട: ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ മുന്‍നിർത്തി കടലിലിറങ്ങിയുള്ള കുളി അനുവദിക്കില്ലെന്നും പൊലീസ്, ദേവസ്വംബോര്‍ഡ് എന്നിവര്‍ നിശ്ചയിക്കുന്ന സ്ഥലത്തുമാത്രം ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നും കലക്ടര്‍ ജെറോമിക് ജോർജ് അറിയിച്ചു. നിരീക്ഷണസംവിധാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തണം.
തിങ്കളാഴ്ച മണ്സൂണ്പാത്തിയുടെ ഫലമായുള്ള ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും കാരണം ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. നെയ്യാറ്റിന്‍കര കടലോരമേഖലകളിലും നെയ്യാറിന്റെ ചില ഭാഗങ്ങളിലും അനധികൃത ബലിതര്‍പ്പണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാപനാശത്ത് വിപുല ഒരുക്കം
വർക്കല: കർക്കടക വാവുബലിക്ക് മുന്നോടിയായി പാപനാശത്ത് വിപുലമായ ഒരുക്കം. തിരുവതാംകൂർ ദേവസം ബോർഡിന് കീഴിലുള്ള വർക്കല ശ്രീജനാർദന സ്വാമി ക്ഷേത്രത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിന് എത്തുന്നത്. പാപനാശം തീരത്തെ ബലിമണ്ഡപത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ബലിമണ്ഡപത്തിലും പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലും ബലിക്കടവിലുമായി നാനൂറോളം പേർക്ക് ഒരേസമയം ബലിയിടാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് പൂർത്തിയായി വരുന്നത്.
ഞായറാഴ്ച രാത്രി 10.25 മുതൽ വാവ് ആരംഭിക്കുമെന്നും ഈ സമയം മുതൽ ബലിതർപ്പണം നടത്താമെന്നുമാണ് വർക്കല ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചിട്ടുള്ളത്. പഞ്ചാംഗം പ്രകാരം ഞായറാഴ്ച പുലർച്ച 3.30 മുതൽ തിങ്കളാഴ്ച ഉച്ചക്ക് 12.50 വരെയാണ് വാവ് സമയം കണക്കാക്കിയിട്ടുള്ളത്.
തിലഹവനം, പിതൃപൂജ എന്നിവ നടത്തുന്നതിന് പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നൂറിൽപരം പുരോഹിതർക്ക് കാർമികത്വത്തിനുള്ള ലൈസൻസും നൽകിയിട്ടുണ്ട്. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ഓഫിസും പാപനാശത്ത് പ്രവർത്തിക്കും. അപ്പം, അരവണ തുടങ്ങിയ വഴിപാട് പ്രസാദങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും തയാറായി കഴിഞ്ഞു. തിരുവനന്തപുരം ഡെപ്യൂട്ടി ദേവസ്വം കമീഷണറെയാണ് മേൽനോട്ട ചുമതലകൾക്കായി ദേവസം ബോർഡ് അധികാരപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.